
ന്യൂഡല്‍ഹി: ഊര്‍ജ്ജ രംഗത്ത് നിലവിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ധാരണയായി. എണ്ണ, പ്രകൃതി വാതകം എന്നിവയ്ക്ക് പുതിയ രാജ്യങ്ങളെ ആശ്രയിക്കുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ നീക്കം. റഷ്യയിലെ ഊര്‍ജ്ജ വകുപ്പ് മന്ത്രി നികോളേ ഷുല്‍ഗിനോവുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു.
റഷ്യയിലെ ഓയില്‍ ആന്റ് ഗ്യാസ് സെക്ടറില്‍ ഇന്ത്യ ഇതുവരെ 15 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. 2017 ല്‍ റഷ്യയിലെ ഇന്ധന രംഗത്തെ ഭീമനായ റോസ്‌നെഫ്റ്റും പാര്‍ട്ണറും എസ്സാര്‍ ഓയില്‍ കമ്പനിയെ വാങ്ങുകയും ഇതിനെ നയറ എനര്‍ജിയെന്ന് പുനര്‍നാമകരണം നടത്തുകയും ചെയ്തിരുന്നു. 12.9 ബില്യണ്‍ ഡോളറിന്റേതായിരുന്നു ഈ ഇടപാട്.
ഇന്ത്യയിലെ ഊര്‍ജ്ജ രംഗത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയ രാജ്യമാണ് റഷ്യയെന്നും റഷ്യയിലെ ഓയില്‍ ആന്റ് ഗ്യാസ് സെക്ടറിലാണ് വിദേശത്ത് ഇന്ത്യ ഏറ്റവുമധികം നിക്ഷേപം നടത്തിയതെന്നും ഹര്‍ദീപ് സിങ് തന്റെ ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ റോസ്‌നെഫ്റ്റുമായി 20 ലക്ഷം ടണ്‍ ക്രൂഡ് ഓയിലിനായി കരാറിലെത്തിയിരുന്നു.