ഇന്ത്യയിലെ ഏതൊരു ചെറിയ ബിസിനസുകാരനും ധീരുഭായ് അംബാനിയും ബില്‍ ഗേറ്റ്സും ആകാം; രാജ്യത്തിന്റെ വളര്‍ച്ചയില്‍ ചെറുകിട സംരംഭകരുടെ പങ്ക് വളരെ വലുത്; ഡിജിറ്റല്‍ ഉപഭോഗത്തിലും രാജ്യം വളരെ മുന്നില്‍: മുകേഷ് അംബാനി

February 25, 2020 |
|
News

                  ഇന്ത്യയിലെ ഏതൊരു ചെറിയ ബിസിനസുകാരനും ധീരുഭായ് അംബാനിയും ബില്‍ ഗേറ്റ്സും ആകാം; രാജ്യത്തിന്റെ വളര്‍ച്ചയില്‍ ചെറുകിട സംരംഭകരുടെ പങ്ക് വളരെ വലുത്; ഡിജിറ്റല്‍ ഉപഭോഗത്തിലും രാജ്യം വളരെ മുന്നില്‍:  മുകേഷ് അംബാനി

'ഇന്ത്യയിലെ ഏതൊരു ചെറിയ ബിസിനസുകാരനും സംരംഭകനും ധീരുഭായ് അംബാനിയോ ബില്‍ ഗേറ്റ്സോ ആകാനുള്ള കഴിവുണ്ട്. ഇതാണ് മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഘടകം.' രാജ്യത്തെ ബിസിനസുകാരെ മുഴുവന്‍ പ്രചോദിപ്പിക്കുന്ന ഈ വാക്കുകള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടേതാണ്. മുംബൈയില്‍ നടന്ന ഫ്യൂച്വര്‍ ഡീകോഡഡ് സിഇഒ ഉച്ചകോടിയിലാണ് മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ലയുമായുള്ള സംവാദത്തില്‍ മുകേഷ് അംബാനി പറഞ്ഞത്.

ഒപ്പം റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്ന ആഗോള ഭീകരന്റെ വളര്‍ച്ചയ്ക്ക് പിന്നിലുള്ള കഥകളും തുറന്നു പറഞ്ഞു. അഞ്ച് ദശകങ്ങള്‍ക്ക് മുമ്പ് ആയിരം രൂപയും ഒരു മേശയും കസേരയുമായി ഒരു ചെറിയ സ്റ്റാര്‍ട്ട് അപ്പ് ആയിയാണ് തന്റെ പിതാവ് ധീരുഭായ് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസിന് തുടക്കമിട്ടതെന്ന് അദ്ദേഹം ഓര്‍ത്തു. ഇന്ത്യയിലെ സംരംഭകരുടെ സാധ്യതകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യയിലെ തൊഴിലവസരങ്ങളുടെ 70 ശതമാനവും എം.എസ്.എം.ഇകളാണ് നല്‍കുന്നത്. ഇന്ത്യയുടെ കയറ്റുമതിയുടെ 40 ശതമാനവും ഈ മേഖലയില്‍ നിന്നാണ്. ഇത് രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ വളരെ നിര്‍ണ്ണായകമാണെന്നും മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ചെറുകിട വ്യവസായ സംരംഭങ്ങളുടെ പ്രാധാന്യം തുറന്നുകാട്ടുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഡിജിറ്റല്‍ ഉപഭോഗം ഏറെ ഉയര്‍ന്ന നിലയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചത് തന്റെ 85 വയസുള്ള അമ്മയെയാണ്. ഡാറ്റയുടെ ഏറ്റവും വലിയ ഉപഭോക്താക്കളില്‍ ഒരാളായിരുന്നു തന്റെ അമ്മയെന്നാണ് അദ്ദേഹം പറഞ്ഞത്.

ഡാറ്റ നിരക്കുകള്‍ കുറഞ്ഞതുള്‍പ്പടെ ഇന്ത്യയിലെ ടെലികോം മേഖലയില്‍ ജിയോ കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ജിയോ വരും മുമ്പ് ഒരു ജിബിയുടെ നിരക്ക് 300-500 രൂപ വരെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 12-14 രൂപയായി കുറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഗെയിമിംഗ് മേഖലയുടെ ഭാവിയെക്കുറിച്ച് അദ്ദേഹം ആവേശഭരിതനായി. മ്യൂസിക്, മൂവീസ്, ടിവി ഷോ തുടങ്ങിയവ മേഖലകളെക്കാളും ഈ രംഗം വലുതാകുമെന്നും മുകേഷ് അംബാനി പറഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved