ബാഡ് ബാങ്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി; പ്രാരംഭ മൂലധനം 74.6 കോടി രൂപ; ആര്‍ബിഐ അനുമതി ഉടന്‍

July 16, 2021 |
|
News

                  ബാഡ് ബാങ്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി; പ്രാരംഭ മൂലധനം 74.6 കോടി രൂപ; ആര്‍ബിഐ അനുമതി ഉടന്‍

മുംബൈ: നിഷ്‌ക്രിയ ആസ്തികളെ പ്രൊഫഷണലായി കൈകാര്യം ചെയ്യുക, പൊതുമേഖല ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് ശുദ്ധീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി വിഭാവനം ചെയ്ത ബാഡ് ബാങ്ക് അഥവാ ദേശീയ ആസ്തി പുനര്‍നിര്‍മാണ കമ്പനി (എന്‍എആര്‍സി) ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ബജറ്റിലെ സുപ്രധാന പ്രഖ്യാപനമായിരുന്നു ബാഡ് ബാങ്ക്.

ഇനി മുന്നോട്ടുളള നടപടികള്‍ക്ക് സ്ഥാപനത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമുണ്ട്. അത് ഉടന്‍ ലഭ്യമാക്കാനുളള നടപടികള്‍ ആരംഭിച്ചതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക് ആയിരിക്കും സ്ഥാപനത്തിന്റെ ലീഡ് ബാങ്ക്. 74.6 കോടി രൂപയാണ് സ്ഥാപനത്തിന്റെ പ്രാരംഭ മൂലധനം. ജൂലൈ ഏഴിനാണ് എന്‍എആര്‍സി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്റ്റേറ്റ് ബാങ്കിന്റെ കിട്ടാക്കട ആസ്തികള്‍ കൈകാര്യം ചെയ്തിരുന്ന മലയാളിയായ പത്മകുമാര്‍ മാധവന്‍ നായര്‍ ആണ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍.

രാജ്യത്തെ പൊതു-സ്വകാര്യ ബാങ്കുകളും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും എന്‍എആര്‍സിയില്‍ നിക്ഷേപം നടത്തുന്നുണ്ട്. പൊതുമേഖല ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തികള്‍ സ്ഥാപനത്തിലേക്ക് മാറ്റുന്നതോടെ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്തുകയാണ് പ്രാഥമിക ലക്ഷ്യം. ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തികള്‍ തിരിച്ചുപിടിക്കുന്നതിനായി 2016 ല്‍ പാപ്പരത്ത നിയമം നടപ്പാക്കിയെങ്കിലും അതിന് വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ആയിരുന്നില്ല. പ്രസ്തുത സാഹചര്യത്തിലാണ് ആസ്തി പുനര്‍ നിര്‍മാണ കമ്പനി എന്ന ആശയത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സുനില്‍ മേത്ത സ്ഥാപനത്തിന്റെ ഡയറക്ടറായി എത്തും. സ്റ്റേറ്റ് ബാങ്കിന്റെ പ്രതിനിധിയായി സലീ എസ് നായരും കാനറ ബാങ്കിന്റെ പ്രതിനിധിയായ അജിത് കൃഷ്ണന്‍ നായരും ബോര്‍ഡിലേക്ക് എത്തുമെന്നും സൂചനകളുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved