
ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിവില കുതിച്ചയുര്‍ന്നത് മൂലം കേന്ദ്രസര്‍ക്കാര്‍ കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തിയത് ഇക്കഴിഞ്ഞ ദിവസമായിരുന്നു. ഇന്ത്യ ഉള്ളിയുടെ കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തിയതോടെ ഏഷ്യന്‍ രാജ്യങ്ങളടക്കം വലിയ സമ്മര്‍ദ്ദമാണ് നേരിടുന്നതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ഉള്ളിയുടെ സ്‌റ്റോക്കില്‍ ഭീമമായ കുറവാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ മൂലം ഉത്പ്പാദനം കുറഞ്ഞതാണ് ഉള്ളി വില കുതിച്ചുയരാന്‍ കാരണമായത്. കയറ്റുമതിയില്‍ നിരോധനമേര്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ സവോളയുടെ പ്രധാന ഉപഭോക്താക്കളായ ബംഗ്ലാദേഷ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
സവാള വില വര്‍ധനയില്‍ രാജ്യത്താകമാനം കനത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സെപ്റ്റംബര്‍ 29 ന് കേന്ദ്ര സര്‍ക്കാര്‍ സവാള കയറ്റുമതിക്കു നിരോധനം ഏര്‍പ്പെടുത്തിയത്. നാലു വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു സവാളയ്ക്ക്. കിലോയ്ക്ക് 70 മുതല്‍ 80 രൂപ വരെയായിരുന്നു ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റു ചില സംസ്ഥാനങ്ങളിലും സവാളയുടെ വില. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ കനത്ത മഴ മൂലമുണ്ടായ വിളനാശമായിരുന്നു ഇന്ത്യയില്‍ വില കൂടാനുള്ള കാരണം. വിലക്കയറ്റം തടയുന്നതിനായി ഇന്ത്യ ഈജിപ്തില്‍ നിന്നു സവാള ഇറക്കുമതി ചെയ്യുന്നുണ്ട്.
ഇന്ത്യയില്‍ വില വന്‍ തോതില്‍ ഉയര്‍ന്നതോടെ ചൈന, ഈജിപ്ത്, മ്യാന്മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സവാളയാണ് ഏഷ്യയിലെ ഉപഭോക്താക്കള്‍ പ്രധാനമായും ഉപയോഗിച്ചത്. ഇന്ത്യയെ അപേക്ഷിച്ച് ഇവിടങ്ങളില്‍ ഉല്‍പാദനം കുറവാണ്. ഞായറാഴ്ച സവാള കയറ്റുമതി ഇന്ത്യ റദ്ദാക്കിയതോടെ 100 കിലോയ്ക്ക് 4,500 രൂപ എന്ന നിലയില്‍ സവാള വില ഉയര്‍ന്നു. ശ്രീലങ്കയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 50 ശതമാനമാണ് വില വര്‍ധിച്ചത്. കിലോയ്ക്ക് 280 മുതല്‍ 300 രൂപ വരെയാണ് ഇവിടെ വില. ഇത് ആറു വര്‍ഷത്തിനിടയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണ്. ഇതേ തുടര്‍ന്ന് ചൈന, ഈജിപ്ത്, മ്യാന്മര്‍, തുര്‍ക്കി തുടങ്ങിയ സവാള ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളോടു വില നിയന്ത്രണ വിധേയമാക്കുന്നതിനായി വിതരണം കൂട്ടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഒരു വര്‍ഷത്തിനിടയ്ക്ക് ഇന്ത്യയില്‍നിന്ന് 2.2 മില്യന്‍ ടണ്‍ സവാളയാണ് കയറ്റുമതി ചെയ്തത്. ഏഷ്യയില്‍ സവാള കയറ്റുമതി ചെയ്യുന്ന മുഴുവന്‍ രാജ്യങ്ങളെവച്ചു നോക്കിയാലും പകുതിയില്‍ അധികമാണിത്. ഇന്ത്യയില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം മറ്റ് സവാള കയറ്റുമതി രാജ്യങ്ങള്‍ അവസരമായി എടുക്കുന്നതായും ആരോപണമുണ്ട്. ബംഗ്ലാദേശ് സവാള എത്തിക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ നോക്കുമ്പോള്‍ നിരോധനം താല്‍ക്കാലികം മാത്രമാണെന്ന് കരുതി ആശ്വസിച്ചിരിക്കുകയാണ് മലേഷ്യ. ഇന്ത്യന്‍ സവാളയുടെ രണ്ടാമത്തെ ഏറ്റവും വലിയ ഉപഭോക്താവാണ് മലേഷ്യ.സവാള വിലയില്‍ ഉടന്‍ കാര്യമായ ഇടിവുണ്ടാകില്ലെന്നാണ് മുംബൈ ആസ്ഥാനമായുള്ള സവാള കയറ്റുമതി സംഘടനയുടെ പ്രസിഡന്റ് അജിത് ഷാ പറയുന്നത്. കയറ്റുമതി നിരോധനം അടുത്തെങ്ങും എടുത്തുമാറ്റാനും സാധ്യതയില്ല. അതിനാല്‍ നവംബര്‍ പകുതി വരെ വിലയിടിവും പ്രതീക്ഷിക്കുന്നില്ല. വില ഇടിഞ്ഞാല്‍ ഇന്ത്യയ്ക്ക് കയറ്റുമതി പുനരാരംഭിക്കാം. അത് വരെ ഏഷ്യന്‍ രാജ്യങ്ങള്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വരും.