
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ വായ്പയെടുക്കല്‍ പകുതിയിലധികം വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയിലെ ബെഞ്ച്മാര്‍ക്ക് സോവറിന്‍ ബോണ്ടുകളില്‍ വന്‍ ഇടിവ്. 10 വര്‍ഷത്തെ ബോണ്ടുകളുടെ വരുമാനം 22 ബേസിസ് പോയിന്റ് ഉയര്‍ന്നു. 2017 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണ് (6.19%) ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് ആരംഭിച്ച സാമ്പത്തിക വര്‍ഷത്തില്‍ 12 ട്രില്യണ്‍ രൂപ (159 ബില്യണ്‍ ഡോളര്‍) വായ്പയെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ബജറ്റില്‍ കണക്കാക്കിയിരുന്ന 7.8 ട്രില്യണ്‍ രൂപയേക്കാള്‍ വളരെ കൂടുതലാണിത്. സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ഓഹരികള്‍ കുത്തനെ ഉയര്‍ന്നത്. നാലു പതിറ്റാണ്ടിലേറെയായി രാജ്യം അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ നിലവില്‍ കടന്നു പോകുന്നത്.
ഉയര്‍ന്ന റേറ്റിംഗുള്ള 10 വര്‍ഷത്തെ കോര്‍പ്പറേറ്റ് ബോണ്ടുകളുടെ വരുമാനം 20 ബേസിസ് പോയിന്റായി ഉയര്‍ന്നു. ഏപ്രില്‍ 16 ന് ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റമാണിതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വെള്ളിയാഴ്ച 5.79 ശതമാനം കൂപ്പണ്‍ നിരക്കില്‍ വ്യാപാരം ആരംഭിച്ച പുതിയ 10 വര്‍ഷത്തെ സോവറിന്‍ ബോണ്ടിന്റെ വരുമാനം 18 ബേസിസ് പോയിന്റ് അഥവാ 5.89 ശതമാനം ഉയര്‍ന്നു. ഗവണ്‍മെന്റിന്റെ പുതുക്കിയ വായ്പയെടുക്കല്‍ പദ്ധതി ബോണ്ട് വിപണിയെ ഞെട്ടിച്ചുവെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് പ്രൈമറി ഡീലര്‍ഷിപ്പ് ലിമിറ്റഡിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ എ. പ്രസന്ന പറഞ്ഞു.
സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്ന് സെന്‍ട്രല്‍ ബാങ്ക് 910 ബില്യണ്‍ രൂപ കടം വാങ്ങിയിരുന്നു. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ബോണ്ടുകള്‍ വാങ്ങുന്നത് കേന്ദ്ര ബാങ്ക് പരിഗണിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. സാധാരണഗതിയില്‍ ഈ രീതി വിലക്കപ്പെട്ടിട്ടുള്ളതാണ്. ആര്‍ബിഐ ബോണ്ട് വാങ്ങുകയും ഈ തുക ഗവണ്‍മെന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും. ഈ രീതി 2006 മുതല്‍ നിയമപ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും, ധനക്കമ്മി വര്‍ദ്ധിക്കുമ്പോള്‍ സര്‍ക്കാരിന് ഒരു രക്ഷപ്പെടല്‍ മാര്‍ഗമായി ഇത് ഉപയോഗിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.