
ന്യൂഡല്‍ഹി: ചൈനയേക്കാള്‍ കുറഞ്ഞ നിരക്കില്‍ നിര്‍മ്മാണം നടത്താന്‍ സാധ്യമായ രാജ്യമാണ് ഇന്ത്യയെന്ന് മാരുതി സുസുകി ഇന്ത്യ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ. ഇന്ത്യയിലെ വ്യാവസായിക രംഗത്ത് കൂടുതല്‍ മത്സരം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണം. വ്യാവസായിക രംഗവും കേന്ദ്രസര്‍ക്കാരും ഒരുമിച്ച് പരിശ്രമിക്കുകയാണെങ്കില്‍ കുറഞ്ഞ ചെലവില്‍ നിര്‍മ്മാണം സാധ്യമാകുന്ന ചൈനയേക്കാള്‍ മികച്ച രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഓള്‍ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്‍ (എഐഎംഎ) സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വ്യാവസായിക രംഗത്ത് മത്സരം ശക്തമാക്കുന്നതില്‍ മാത്രമായിരിക്കണം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ. എല്ലാ മേഖലയിലും തൊഴിലവസരം വര്‍ധിപ്പിക്കേണ്ടത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാവസായിക രംഗത്ത് തദ്ദേശീയര്‍ക്ക് മാത്രമായി തൊഴില്‍ സംവരണം ചെയ്ത സംസ്ഥാനങ്ങളെ അദ്ദേഹം വിമര്‍ശിച്ചു. ഇത് വളര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ എംഎസ്എംഇകള്‍ ആഗോള തലത്തിലെ മത്സരത്തിന് പ്രാപ്തരായാല്‍ മാത്രമേ രാജ്യം ഉദ്ദേശിക്കുന്ന ഫലം നേടാനാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.