
ബെയ്ജിങ്: ലോകം അനിശ്വിതത്വത്തിലേക്ക് നീങ്ങുന്ന വേളയിലും ഇന്ത്യാ-ചൈനാ ബന്ധം എന്നത് ദൃഢതയുടെ ഘടകമായി മാറണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ത്രിദിന സന്ദര്‍ശനത്തിനായി ചൈനയിലെത്തിയതാണ് അദ്ദേഹം. ചൈനയില്‍ ഞായാറാഴ്ച്ചയെത്തിയ അദ്ദേഹം വൈസ് പ്രസിഡന്റ് വാങ് ക്വിഷാനുമായി ചര്‍ച്ച നടത്തിയിരുന്നു. പിക്ചര്‍സ്‌ക്യൂ ഇംപീരിയല്‍ റെസിഡന്‍ഷ്‌യല്‍ കോംപ്ലക്‌സില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ ഒട്ടേറെ നേകതാക്കളും പങ്കെടുത്തിരുന്നു.
അസ്താന വിഷയവുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുന്‍പ് ഇരു രാജ്യങ്ങളും പൊതു അഭിപ്രായത്തില്‍ എത്തിയിരുന്നു. അന്ന് ലോകം നിലവിലുള്ളതിനേക്കാള്‍ അസ്ഥിരമായിരുന്നുവെന്നും ദൃഢതയുടെ പര്യായമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടിക്കു പിന്നാലെയാണ് ജയ്ശങ്കറിന്റെ ചൈനാ സന്ദര്‍ശനം. വിദേശകാര്യമന്ത്രി വാങ് യിയുമായി ജയ്ശങ്കര്‍ തിങ്കളാഴ്ച ചര്‍ച്ചനടത്തും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഒക്ടോബറില്‍ നടത്താനിരിക്കുന്ന ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ മുന്നൊരുക്കങ്ങളുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജയ്ശങ്കര്‍ വാങ് യിയുമായി ചര്‍ച്ചചെയ്യും.
സാംസ്‌കാരിക-മനുഷ്യവിഭവ രംഗത്തെ വിനിമയം ചര്‍ച്ചചെയ്യാനുള്ള ചര്‍ച്ചയിലും ജയ്ശങ്കറും വാങ്‌യിയും പങ്കെടുക്കും. വിവിധമേഖലകളിലെ സഹകരണത്തിന് നാലു ധാരണാപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചേക്കും. ചൈന പൊതുനയതന്ത്രസംഘടന നടത്തുന്ന നാലാമത് ഇന്ത്യ-ചൈന ഉന്നതതതല മീഡിയാഫോറത്തിലും ചൈനീസ് വിദേശകാര്യമന്ത്രാലയവും സാംസ്‌കാരിക-ടൂറിസം മന്ത്രാലയവും ചേര്‍ന്നുസംഘടിപ്പിക്കുന്ന സാംസ്‌കാരികപരിപാടികളിലും ഇരുനേതാക്കളും പങ്കെടുക്കുമെന്നും വിദേശമന്ത്രാലയ അധികൃതര്‍ പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ പിന്തുണയാവശ്യപ്പെട്ട് പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി ചൈനയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ജയ്ശങ്കറിന്റെ ചൈനീസ് സന്ദര്‍ശനം. ഇന്ത്യയും പാകിസ്താനും തങ്ങളുടെ സുഹൃദ്‌രാജ്യങ്ങളാണെന്നും കശ്മീര്‍പ്രശ്‌നം ലഹോര്‍, ഷിംല കരാറുകളുടെ അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്തു പരിഹരിക്കണമെന്നുമായിരുന്നു ഖുറേഷിയുമായി ചര്‍ച്ചനടത്തിയതിനുശേഷം വാങ് യി പ്രതികരിച്ചത്. എന്നാല്‍, ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയതിനെ ചൈന എതിര്‍ത്തിരുന്നു.