
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ന്യൂക്ലിയര്‍ പ്ലാന്റ് നിര്‍മിക്കുന്നതില്‍ ഇന്ത്യയെ സഹായിക്കുന്നതിനുള്ള നിര്‍ണായകമായ പുതിയ ചുവടുവെച്ചെന്ന് ഫ്രഞ്ച് എനര്‍ജി ഗ്രൂപ്പ് ഇഡിഎഫ്. പ്രാദേശിക പ്രതിഷേധങ്ങളും ആണവ മേഖലയിലെ വിവിധ പ്രശ്‌നങ്ങളും മൂലം വര്‍ഷങ്ങളായി തടസപ്പെട്ട് കിടക്കുന്ന പദ്ധതിയാണിത്. പശ്ചിമ ഇന്ത്യയിലെ ജയ്താപൂരില്‍ ആറ് മൂന്നാം തലമുഖ ഇപിആര്‍ റിയാക്റ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വൈദഗ്ധ്യവും എക്യുപ്‌മെന്റുകളും വിതരണം ചെയ്യുന്നതിനുള്ള ബൈന്‍ഡിംഗ് ഓഫര്‍ നല്‍കിയെന്നാണ് ഇഡിഎഫ് വ്യക്തമാക്കിയിട്ടുള്ളത്.
നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകാന്‍ 15 വര്‍ഷം സമയം എടുക്കുമെന്നാണ് കണക്കാക്കുന്നത്. പൂര്‍ത്തിയാക്കുമ്പോള്‍ ഇവിടെ 10 ജിഗാവാട്ട് വൈദ്യുതി ഇവിടെ ഉല്‍പ്പാദിപ്പിക്കാനാകും. 70 മില്യണ്‍ വീടുകളിലേക്ക് വൈദ്യുതി എത്തിക്കാന്‍ ഇതിലൂടെ സാധിക്കും. പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തന്നെ വൈദ്യുതി ഉല്‍പ്പാദനം ആരംഭിക്കാനാകും എന്നും ഇഡിഎഫ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വരും മാസങ്ങളില്‍ അന്തിമ കരാറില്‍ എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉദ്യോഗസ്ഥ പ്രതിനിധികളുമായുള്ള ചര്‍ച്ച ഇഡിഎഫ് തുടരുകയാണ്. പവര്‍ പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനൊപ്പം തങ്ങളുടെ യുഎസ് പങ്കാളി ജിഇ സ്റ്റീം പവറുമായി ചേര്‍ന്ന് റിയാക്റ്ററുകള്‍ വിതരണം ചെയ്യുന്നതിനും ഇഡിആര്‍ തയാറെടുക്കുകയാണ്. ന്യൂക്ലിയാര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐഎല്‍) രാജ്യത്തെ ആണവോര്‍ജ്ജ മേഖലയെ നിയന്ത്രിക്കുന്നത്. എന്‍പിസിഐഎലിനാണ് ഇഡിആര്‍ ഓഫര്‍ സമര്‍പ്പിച്ചിട്ടുള്ളത്.
കരാറിന്റെ ധനപരമായ കാര്യങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. പത്തുബില്യണുകളില്‍ ഡോളര്‍ മൂല്യമുള്ള കരാറായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. 20 വര്‍ഷം മുമ്പ് പദ്ധതിയുടെ ആശയം രൂപംകൊണ്ട സമയത്തു തന്നെ ഇതിനെതിരേ സുരക്ഷാ ആശങ്ക ഉന്നയിച്ച് പ്രദേശ വാസികള്‍ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയില്‍ ശക്തമായ ശിവസേന ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ എതിര്‍പ്പ് ഉന്നയിക്കുകയും ചെയ്തു. 2011ല്‍ ജപ്പാനിലെ ഫുക്കുഷിമയിലുണ്ടായ ആണവ ദുരന്തം പദ്ധതി പിന്നെയും വൈകാനിടയാക്കി.