
ന്യൂഡല്‍ഹി: വികസനം, വ്യാപാരം, പുരോഗതി എന്നിവയെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളില്‍ പങ്കാളികളാകാന്‍ ഇന്തോ പസഫിക് മേഖലയിലെ വ്യാപാര സമൂഹത്തെ ക്ഷണിച്ച് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ഇന്തോ പസഫിക് മേഖലയിലെ വ്യാപാര മന്ത്രിമാരുടെ പ്രത്യേക പ്ലീനറി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
ഇന്തോ പസഫിക് മേഖലയില്‍ കൂടുതലായി നിലവില്‍ വരുന്ന വ്യാപാര ഉടമ്പടികള്‍, കാലാനുസൃതമായി തീരുവകളില്‍ വലിയതോതിലുള്ള കുറവ് സൃഷ്ടിച്ചിട്ടുണ്ടെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. എന്നാല്‍ രാജ്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന തീരുവ ഇതര നടപടികള്‍ മേഖലയിലെ വ്യാപാരത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാണിജ്യം എളുപ്പമാക്കുന്ന നടപടികള്‍ അതിര്‍ത്തി കടന്നുള്ള ചരക്കു നീക്കത്തെ കൂടുതല്‍ സുഗമമാക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്ലിയറന്‍സ് നടപടികള്‍ക്കായി ഒരു ഏകജാലക സംവിധാനം ഉടന്‍തന്നെ സജ്ജമാക്കും എന്നും കേന്ദ്ര മന്ത്രി ഉറപ്പുനല്‍കി. വ്യാപാര സൗഹൃദ അന്തരീക്ഷം വളര്‍ത്തുന്ന നടപടികളില്‍ മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച പുരോഗതി കൈവരിച്ച ആദ്യ പത്ത് രാഷ്ട്രങ്ങളില്‍ ഒന്നായി തുടര്‍ച്ചയായ മൂന്നാം തവണയും 2020-ലെ വ്യാപാര സൗഹൃദ റിപ്പോര്‍ട്ട് ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 67 സ്ഥാനങ്ങളാണ് രാജ്യം മെച്ചപ്പെടുത്തിയത്.
പരിസ്ഥിതി ആഘാതം പരമാവധി കുറയ്ക്കുന്ന ക്ലീന്‍ സാങ്കേതികവിദ്യ, വിനോദസഞ്ചാരം, ചരക്കുനീക്കം, സുസ്ഥിര കാര്‍ഷിക നടപടികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ലൈഫ് സയന്‍സ് മേഖലകളില്‍ നമ്മുടെ കയറ്റുമതി-ഇറക്കുമതി പങ്കാളിത്തം കൂടുതല്‍ വികസിപ്പിക്കാന്‍ സാധിക്കുമെന്നും ശ്രീ ഗോയല്‍ അഭിപ്രായപ്പെട്ടു. തങ്ങളുടേതായ ഉത്പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും അതുവഴി ഓരോരുത്തരുടെയും വിതരണ ശൃംഖലകളിലേക്കുള്ള ഏകീകരണം വേഗത്തിലാക്കാനും അദ്ദേഹം കമ്പനികളെ സ്വാഗതം ചെയ്തു.റിപ്പബ്ലിക് ഓഫ് കൊറിയ, കെനിയ, യുഎഇ, ഫിജി, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തെ അഭിസംബോധന ചെയ്തു.