
കൊച്ചി: കൊവിഡ് പ്രതിസന്ധിയും രാജ്യാന്തര വിപണിയിലെ മന്ദീഭാവവും നിലനില്‍ക്കെ രാജ്യത്തു നിന്നും 11,49,341 ടണ്‍ സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 10.88 ശതമാനം കുറവാണ് ഉണ്ടായത്. 5.96 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ മൂല്യം വരുന്ന 43,717.26 കോടി രൂപയുടെ കയറ്റുമതിയാണ് ഇക്കാലയളവില്‍ നടന്നത്. അമേരിക്ക, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യന്‍ സമുദ്രോത്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റി അയച്ചത്. ശീതീകരിച്ച ചെമ്മീനായിരുന്നു ഏറ്റവും ഡിമാന്റുള്ള സമുദ്രോത്പന്നം. ശീതീകരിച്ച മീനിനും ഏറെ ആവശ്യക്കാരുണ്ടായിരുന്നു.
2019-20 ല്‍ 12,89,651 ടണ്‍ സമുദ്രോത്പന്നമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 6.68 ബില്യണ്‍ ഡോളര്‍ മൂല്യവും 46,662.85 കോടി രൂപമൂല്യവും വരുമിത്. രൂപയുടെ നിരക്കില്‍ 6.31 ശതമാനവും ഡോളര്‍ നിരക്കില്‍ 10.81 ശതമാനവുമാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കുറവ് രേഖപ്പെടുത്തിയത്. കൊവിഡ് മഹാമാരി പോയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി(എംപിഇഡിഎ) ചെയര്‍മാന്‍ ശ്രീ കെ എസ് ശ്രീനിവാസ് പറഞ്ഞു. എന്നാല്‍ രണ്ടാം പകുതിയുടെ അവസാന ഘട്ടത്തില്‍ കയറ്റുമതി രംഗം ഉണര്‍ന്നു. ആകെ കയറ്റുമതിയില്‍ ഡോളര്‍ വരുമാനത്തിന്റെ 67.99 ശതമാനവും ജലകൃഷി മേഖലയില്‍ നിന്നാണ്.
കയറ്റുമതി അളവിന്റെ 46.45 ശതമാനവും ഇത് വരും. 2019-20 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളര്‍ മൂല്യത്തില്‍ 4.41 ശതമാനത്തിന്റെയും രൂപ മൂല്യത്തില്‍ 2.48 ശതമാനത്തിന്റെയും വര്‍ധനയാണ് ഈയിനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. ആകെ കയറ്റുമതി ചെയ്ത അളവിന്റെ 51.36 ശതമാനവും ശീതീകരിച്ച ചെമ്മീനാണ്. ആകെ ഡോളര്‍ വരുമാനത്തില്‍ 74.31 ശതമാനവും ഈ വിഭാഗത്തില്‍ നിന്നാണ്. അമേരിക്കയാണ് ഏറ്റവുമധികം സമുദ്രോത്പന്നങ്ങള്‍(2,72,041 ടണ്‍) ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. ചൈന(1,01,846 ടണ്‍) യൂറോപ്യന്‍ യൂണിയന്‍(70,133 ടണ്‍), ജപ്പാന്‍ (40,502 ടണ്‍) ദക്ഷിണ പൂര്‍വേഷ്യ(38,389 ടണ്‍) ഗള്‍ഫ് രാജ്യങ്ങള്‍(29,108 ടണ്‍) എന്നിങ്ങനെയാണ് കണക്ക്.