ഒമിക്രോണ്‍ ആശങ്ക: അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് 2022 ജനുവരി 31 വരെ നീട്ടി

December 10, 2021 |
|
News

                  ഒമിക്രോണ്‍ ആശങ്ക: അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് 2022 ജനുവരി 31 വരെ നീട്ടി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കുള്ള അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് 2022 ജനുവരി 31 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷന്റേതാണ് തീരുമാനം. എന്നാല്‍ കാര്‍ഗോ വിമാനങ്ങള്‍ക്കും പ്രത്യേക അനുമതിയോടെയുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും വിലക്കില്ല. ജനുവരി 31 അര്‍ധരാത്രി വരെയാണ് വിലക്ക്.

രാജ്യത്ത് കൊവിഡ് വ്യാപനം എല്ലാ സംസ്ഥാനങ്ങളിലും നിയന്ത്രണ വിധേയമാകുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ ആലോചിച്ചിരുന്നു. എന്നാല്‍ പെട്ടെന്നുയര്‍ന്ന ഒമിക്രോണ്‍ വകഭേദത്തെ കുറിച്ചുള്ള ഭീതിയും ആശങ്കയും ജാഗ്രതയുമാണ് തീരുമാനം മാറ്റാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇക്കാരണത്താലാണ് അന്താരാഷ്ട്ര വിമാന സര്‍വീസ് ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചത്. 2020 മാര്‍ച്ച് 23 ലാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയത്.

അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനെ സംസ്ഥാനങ്ങളും എതിര്‍ത്തു. തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ എന്ന് വാര്‍ത്താകുറിപ്പില്‍ വ്യോമയാനമന്ത്രാലയം വ്യക്തമാക്കി. ഒടുവില്‍ ഇന്ന് വിമാന സര്‍വ്വീസുകള്‍ പുനസ്ഥാപിക്കുന്നത് നീട്ടി വെക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്തി തുടരുന്ന എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ക്ക് മാറ്റമുണ്ടാകില്ല.

വന്ദേ ഭാരത് മിഷന്‍ പ്രകാരം തെരഞ്ഞെടുത്ത റൂട്ടുകളില്‍ ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേക്കും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തിയിരുന്നു. നയതന്ത്ര തലത്തിലെ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും പിന്നാലെയാണ് ഇത്തരം സര്‍വീസുകള്‍ നിശ്ചയിച്ചിരുന്നത്. 2020 ജൂലൈ മുതലായിരുന്നു ഇത്. നിലവില്‍ ലോകത്തെ 28 ഓളം രാജ്യങ്ങളുമായി ഇന്ത്യക്ക് ഇത്തരം സര്‍വീസ് നടത്താനുള്ള കരാര്‍ ഉണ്ട്. ഇതില്‍ അമേരിക്ക, യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളുണ്ട്.

Read more topics: # flight service,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved