ഇന്ത്യയെ കടത്തിവെട്ടി ബംഗ്ലാദേശ്; പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യയെക്കാള്‍ 280 ഡോളര്‍ കൂടുതല്‍ ബംഗ്ലാദേശിന്

May 25, 2021 |
|
News

                  ഇന്ത്യയെ കടത്തിവെട്ടി ബംഗ്ലാദേശ്;  പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യയെക്കാള്‍ 280 ഡോളര്‍ കൂടുതല്‍ ബംഗ്ലാദേശിന്

ഏറ്റവും പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലൊന്നായാണ് ബംഗ്ലാദേശ് ഇപ്പോഴും പരിഗണിക്കപ്പെടുന്നതെങ്കിലും പല കാര്യങ്ങളിലും, ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയും അയല്‍ രാജ്യവുമായ ഇന്ത്യയെ കടത്തിവെട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക വളര്‍ച്ചയുടെയ കാര്യമായാലും മാനവ വികസന സൂചികയിലായാലും ബംഗ്ലാദേശ് ഇന്ത്യയേക്കാള്‍ മുന്നിലാണ്. ഇപ്പോഴിതാ പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തിലും ഇന്ത്യയെ കടത്തിവെട്ടിയിരിക്കുകയാണ് ഈ കൊച്ചു രാജ്യം.

ബംഗ്ലാദേശ് പ്ലാനിംഗ് മിനിസ്റ്റര്‍ മുഹമ്മദ് അബ്ദുല്‍ മാന്നാന്‍ പാര്‍ലമെന്റില്‍ അവതരിച്ച കണക്ക് പ്രകാരം 2020-21 സാമ്പത്തിക വര്‍ഷത്തെ പ്രതിശീര്‍ഷ വരുമാനം 2227 ഡോളറാണ്. തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 2064 ഡോളറായിരുന്നു. ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനമായ 1947 ഡോളറേക്കാള്‍ 280 ഡോളര്‍ കൂടുതലാണ് ബംഗ്ലാദേശിന്റെ ഇപ്പോഴത്തെ പ്രതിശീര്‍ഷ വരുമാനം. 2007 ല്‍ ഇന്ത്യയുടെ പകുതി മാത്രം പ്രതിശീര്‍ഷവരുമാനമുണ്ടായിരുന്ന രാജ്യമാണ് ബംഗ്ലാദേശ്. വേള്‍ഡ് ഇക്കണോമിക് ഒട്ട്ലുക്കിന്റെ കണക്ക് വിശ്വസിക്കുകയാണെങ്കില്‍ 2025 ഓടെ ജിഡിപി പ്രതിശീര്‍ഷ വരുമാനത്തിലും ബംഗ്ലാദേശ് ഇന്ത്യയെ പിന്തള്ളും.

സമീപകാലത്ത് ബംഗ്ലാദേശ് ഭരണകൂടം കൈക്കൊണ്ട നടപടികളാണ് ബംഗ്ലാദേശിനെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിലേക്ക് നയിക്കുന്നത്. കഴിഞ്ഞ ദശാബ്ദത്തില്‍ ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുടെ സമ്പദ്ഘടനായി ബംഗ്ലാദേശിന് മാറാന്‍ കഴിഞ്ഞു. റെഡി മേയ്ഡ് ഗാര്‍മന്റ് മേഖലയില്‍ കൈവരിച്ച നേട്ടമാണ് ബംഗ്ലാദേശിന് തുണയായത്. രാജ്യത്ത് വനിതകള്‍ക്ക് ഏറെ തൊഴിലവസരം നല്‍കുന്ന മേഖലയാണത്. 2015 ല്‍ തന്നെ ദരിദ്ര രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഉയര്‍ന്ന ബംഗ്ലാദേശ് 2026 ഓടെ ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങളുടെ യുഎന്‍ പട്ടികയില്‍ നിന്നും പുറത്തു കടക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

1991 ല്‍ 44 ശതമാനം പേര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയായിരുന്നെങ്കില്‍ 2016 ആയപ്പോഴേക്കും അത് 15 ശതമാനമായി കുറയ്ക്കാന്‍ രാജ്യത്തിനായി. റെഡിമേയ്ഡ് ഗാര്‍മെന്റിന് പുറമേ മറ്റുള്ളവയുടെ കയറ്റുമതിക്കും ഊന്നല്‍ നല്‍കുകയും ധനകാര്യ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടു വന്നും, നഗരവത്കരണം വേഗത്തിലാക്കിയും പൊതുഭരണ സംവിധാനം ശക്തിപ്പെടുത്തിയുമാണ് ബംഗ്ലാദേശ് മുന്നേറുന്നത്. ഇന്ന് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മികച്ച മനുഷ്യ മൂലധന സൂചികയും ബംഗ്ലാദേശിന്റേതാണ്.

Related Articles

© 2025 Financial Views. All Rights Reserved