ഇലക്ട്രിക് വാഹന വിപണിയ്ക്ക് പ്രോത്സാഹനം; രാജ്യത്തൊട്ടാകെ പുതിയ 350 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കി

July 22, 2021 |
|
News

                  ഇലക്ട്രിക് വാഹന വിപണിയ്ക്ക് പ്രോത്സാഹനം; രാജ്യത്തൊട്ടാകെ പുതിയ 350 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കി

ഇലക്ട്രിക് വാഹന വിപണിയെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ സബ്സിഡികളും മറ്റും പ്രഖ്യാപിച്ചതിന് പിന്നാലെ 350 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കി രാജ്യം. ഫെയിം II പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, കര്‍ണാടക, ഗോവ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുതുതായി 350 ഓളം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയത്. ഛത്തീസ്ഗഡ് (48), ഡല്‍ഹി (94), ജയ്പൂര്‍ (49), ബംഗളൂരു (45), റാഞ്ചി (29), ലഖ്നൗ (1), ഗോവ (17), ഹൈദരാബാദ് (50), ആഗ്ര (10), ഷിംല (7) എന്നീ നഗരങ്ങളിലാണ് പദ്ധതിക്ക് കീഴില്‍ പുതുതായി ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ക്രിഷന്‍ പാല്‍ ഗുര്‍ജാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

ഫെയിം ഇന്ത്യ സ്‌കീമിന്റെ ഒന്നാം ഘട്ടത്തില്‍ രാജ്യത്തുടനീളം 520 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കായി 43.4 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. ഇതിനുപുറമെ ഇന്ത്യയിലെ 68 നഗരങ്ങളിലായി 2,877 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കുന്നതിന് 500 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2015 ഏപ്രിലില്‍ ഇവി നയം ആരംഭിച്ചതുമുതല്‍ 2021 ജൂലൈ 9 വരെ 3,61,000 ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 600 കോടി രൂപയുടെ സഹായങ്ങളാണ് നല്‍കിയത്.

നിലവില്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി വളര്‍ച്ച നടുന്നുണ്ടെങ്കിലും ഫോര്‍ വീലര്‍ വിഭാഗത്തില്‍ പരിമിതികള്‍ നേരിടുന്നുണ്ട്. ജനപ്രിയവാഹന നിര്‍മാതാക്കളായ ടാറ്റയുടെ നെക്സണ്‍ ഇവി, എംജിയുടെ ഇസഡ് ഇവി, ഹ്യുണ്ടായുടെ കോന ഇലക്ട്രിക് എന്നിവയാണ് ഈ വിഭാഗത്തില്‍ മുന്‍നിരയിലുള്ളത്. മഹീന്ദ്ര ഇലക്ട്രിക് മോഡലുകളായ ഇ കെ യു വി, ഇ എക്സ് യു വി 300 എന്നിവ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

Related Articles

© 2025 Financial Views. All Rights Reserved