
ന്യൂഡല്‍ഹി: 35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇന്ത്യ എത്തുന്നു. അന്താരാഷ്ട്ര തൊഴില്‍ സംബന്ധിയായ നയങ്ങളും അജണ്ടയും തീരുമാനിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ ഇന്ത്യയ്ക്ക് ഇതിലൂടെ സാധിക്കും. ഇന്ത്യയുടെ തൊഴില്‍ നിയമ ഭേദഗതികളെക്കുറിച്ചും സംസ്ഥാനങ്ങളുടെ വാഗ്ദാനങ്ങളായ ഇളവുകളെക്കുറിച്ചും ഐഎല്‍ഒ കടുത്ത ആശങ്ക പ്രകടിപ്പിച്ച് അഞ്ച് മാസത്തിനുള്ളിലാണ് ഇന്ത്യയ്ക്ക് ചെയര്‍മാന്‍ സ്ഥാനം ലഭിക്കുന്നത്.
നയങ്ങള്‍, അജണ്ട, ബജറ്റ് എന്നിവ തീരുമാനിക്കുകയും ആഗോള ഭരണസമിതിയുടെ ഡയറക്ടര്‍ ജനറലിനെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഐഎല്‍ഒയുടെ അപെക്‌സ് എക്‌സിക്യൂട്ടീവ് സംവിധാനമായ ഗവേണിംഗ് ബോഡിയുടെ (ജിബി) ചെയര്‍മാന്‍ പദവിയാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. കേന്ദ്ര തൊഴില്‍ സെക്രട്ടറി അപുര്‍വ ചന്ദ്ര 2021 ജൂണ്‍ വരെ ജിബിയുടെ ചെയര്‍മാനായി തുടരും. നവംബറില്‍ ചന്ദ്ര ഐഎല്‍ഒ ഭരണസമിതിയുടെ അദ്ധ്യക്ഷ പദവി ഏറ്റെടുക്കും. ഇതോടെ 187 അംഗങ്ങളുമായി ഐഎല്‍ഒ ജിബി നിലവില്‍ വരും.