
ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെയുള്ള നടപടികളില്‍ ഒരു ചുവടുകൂടി വെച്ച് സര്‍ക്കാര്‍. സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ രണ്ടാംഘട്ട പട്ടിക കേന്ദ്രസര്‍ക്കാരിന് ലഭിച്ചു. ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ (എ.ഇ.ഒ.ഐ) കരാറിന്റെ ഭാഗമായാണ് വിവരങ്ങള്‍ ലഭിച്ചത്. ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷനാണ് ഇന്ത്യയുള്‍പ്പെടെയുള്ള 86 രാജ്യങ്ങള്‍ക്ക് വിവരം നല്‍കിയത്.
31 ലക്ഷം അക്കൗണ്ടുകളുടെ വിവരങ്ങളാണ് കൈമാറിയതെന്ന് ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയുടെ പേര് പട്ടികയില്‍ പറയുന്നില്ലെങ്കിലും മുന്‍പ് വിവരം ലഭിച്ചിട്ടുള്ള രാജ്യമായതിനാല്‍ ഇന്ത്യക്കും വിവരം ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. രഹസ്യാത്മക നിബന്ധനകള്‍ ചൂണ്ടിക്കാട്ടി ഇന്ത്യക്കാരുടെ അക്കൗണ്ടുകളുടെ എണ്ണത്തെക്കുറിച്ചോ, ആസ്തികളുടെ അളവിനെക്കുറിച്ചോ വിവരങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയില്ല. ഉടമകളുടെ പേര്, വിലാസം, താമസിക്കുന്ന രാജ്യം, നികുതി നമ്പര്‍ എന്നിങ്ങനെയുള്ള വിവരങ്ങളാണു നല്‍കിയത്. ആദ്യഘട്ട വിവരങ്ങള്‍ 2019 സെപ്റ്റംബറില്‍ ലഭിച്ചിരുന്നു. അടുത്ത ഘട്ടം വിവരങ്ങള്‍ 2021 സെപ്റ്റംബറില്‍ നല്‍കും.