ഫോബ്സ് സമ്പന്ന പട്ടിക: ഇന്ത്യയില്‍ ഒന്നാം സ്ഥാനം നേടി മുകേഷ് അംബാനി

April 07, 2021 |
|
News

                  ഫോബ്സ് സമ്പന്ന പട്ടിക: ഇന്ത്യയില്‍ ഒന്നാം സ്ഥാനം നേടി മുകേഷ് അംബാനി

ഫോബ്സ് പുറത്തുവിട്ട ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാര്‍ മുകേഷ് അംബാനിയ്ക്ക്. 84.5 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനിയാണ് പട്ടികയില്‍ രണ്ടാമത്. 2021ഓടുകൂടി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നെറ്റ് ഡെബ്റ്റ് പൂജ്യത്തിലെത്തിക്കുന്നതിനായി ലക്ഷ്യമിട്ട് കോവിഡ് കാലത്തിന്റെ ഇടയിലും വിവിധ പദ്ധതി ശൃംഖലകളില്‍ നിന്നായി 35 ബില്യണ്‍ ഡോളര്‍ സ്വരൂപിക്കുന്നതിനുള്ള അമ്പാനിയുടെ പരിശ്രമം ഫലം കണ്ടിരുന്നു.

റിലയന്‍സിന്റെ ടെലികോം യൂണിറ്റായ ജിയോയില്‍ ഫേസ്ബുക്ക്, ഗൂഗിള്‍ പോലുള്ള വലിയ നിക്ഷേപകര്‍ക്ക് അവകാശം നല്‍കുകയും ജനറല്‍ അറ്റ്ലാന്റിക്, കെകെആര്‍ പോലുള്ള സ്വകാര്യ നിക്ഷേപ സ്ഥാപനങ്ങള്‍ റിലയന്‍സ് റീട്ടെയിലില്‍ 10 ശതമാനം പങ്കാളിത്തം നല്‍കുകയും ചെയ്തത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഒപ്പം റിലയന്‍സ് ഓഹരികള്‍ ഇഷ്യൂ ചെയ്തതിലൂടെ 7.3 ബില്യണ്‍ ഡോളറും കമ്പനി സ്വരൂപിച്ചു.

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ധനികനായ അദാനിയും പല മേഖലകളിലേക്കായി തങ്ങളുടെ ബിസിനസ് വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ എയര്‍പോര്‍ട്ട് മാനേജ്മെന്റിലും ഓപ്പറേഷന്‍ ബിസിനസ്സിലും മുന്നിലുള്ളത് അദാനി ഗ്രൂപ്പാണ്. 50.5 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ മൊത്തം ആസ്തി. കഴിഞ്ഞ സെപ്തംബറിലാണ് രാജ്യത്തെ രണ്ടാമത്ത തിരക്കേറിയ വിമാനത്താവളമായ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. കൂടാതെ 2.5 ബില്യണ്‍ ഡോളര്‍ തുകയ്ക്ക് അദാനി ഗ്രീന്‍ എനര്‍ജി സ്ഥാപനത്തിന്റെ 20 ശതമാനം ഓഹരി ഫ്രാന്‍സിലെ ഊര്‍ജ മേഖലയിലെ വമ്പന് കൈമാറിയിരുന്നു.

ഫോബ്സിന്റെ പട്ടിക പ്രകാരം ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പന്നന്‍ എച്ച്സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ ആണ്. 23.5 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് 9.9 ബില്യണ്‍ ഡോളര്‍ വരുമാനമുള്ള എച്ച്സിഎല്‍ ടെക്നോളജീസിന്റെ ചെയര്‍മാന്‍ സ്ഥാനമൈാഴിഞ്ഞത്. അദ്ദേഹത്തിന്റെ മകള്‍ റോഷ്നി നാടാര്‍ മല്‍ഹോത്രയാണ് എച്ച്സിഎല്‍ ടെക്നോളജീസിന്റെ പുതിയ ചെയര്‍മാന്‍. അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ സ്ഥാപകന്‍ രാധാകൃഷ്ണന്‍ ദമാനി (16.5 ബില്യണ്‍ ഡോളര്‍), കൊഡാക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കൊഡാക് (15.9 ബില്യണ്‍ ഡോളര്‍) എന്നിവരാണ് ഫോബ്സിന്റെ പട്ടികയില്‍ നാലും അഞ്ചും സ്ഥാനത്തുള്ളത്.

Related Articles

© 2021 Financial Views. All Rights Reserved