
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് വീണ്ടും ആശങ്ക. രാജ്യത്ത് വീണ്ടും ഊര്‍ജ്ജ പ്രതിസന്ധി നേരിടുമെന്ന് റിപ്പോര്‍ട്ട്. ജൂലൈയില്‍ ആയിരിക്കും അടുത്ത ഊര്‍ജ്ജ പ്രതിസന്ധി രാജ്യത്തെത്തുക എന്നാണ് സൂചന. രാജ്യത്തെ താപവൈദ്യുത നിലയങ്ങളില്‍ മണ്‍സൂണിന് മുമ്പത്തെ കല്‍ക്കരി ശേഖരം കുറവായതോടെയാണ് വീണ്ടുമൊരു ഊര്‍ജ്ജപ്രതിസന്ധി രാജ്യം നേരിടുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സിആര്‍ഇഎയാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്താകെ 20.7 ദശലക്ഷം ടണ്‍ കല്‍ക്കരി ആണ് ഇപ്പോള്‍ സ്റ്റോക്ക് ഉള്ളത്. വൈദ്യുത ആവശ്യകതയില്‍ വരുന്ന നേരിയ വര്‍ധന പോലും ഇപ്പോഴത്തെ നിലയില്‍ രാജ്യത്തെ താപ വൈദ്യുത നിലയങ്ങള്‍ക്ക് താങ്ങാനാവില്ല എന്നാണ് വിലയിരുത്തല്‍. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ഓഫ് ഇന്ത്യ (സിഇഎ) ഓഗസ്റ്റില്‍ 214 ജിഗാവാട്ട് വൈദ്യുതി ആവശ്യകത പ്രവചിക്കുന്നു. കൂടാതെ, ശരാശരി ഊര്‍ജ്ജ ആവശ്യം മെയ് മാസത്തില്‍ ഉള്ളതിനേക്കാള്‍ 1,33,426 ദശലക്ഷം യൂണിറ്റായി വര്‍ദ്ധിക്കും.
രാജ്യത്തെ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപയോഗം ആയിരിക്കും ഇത്. മെയ് മാസത്തെ അപേക്ഷിച്ച് പ്രതിദിന ഉപയോഗത്തിലും വലിയ വര്‍ധനയാണ് ഓഗസ്റ്റ് മാസത്തില്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 777 ദശലക്ഷം കല്‍ക്കരി ആണ് ഇന്ത്യ ഉല്‍പ്പാദിപ്പിച്ചത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 718 ദശലക്ഷം ടണ്ണായിരുന്നു ഉല്‍പാദനം. ഇപ്പോള്‍ കല്‍ക്കരി ഗതാഗതം വേഗത പ്രാപിച്ചില്ല എന്നുണ്ടെങ്കില്‍, അടുത്ത മാസങ്ങളില്‍ രാജ്യത്തെ കല്‍ക്കരി രംഗത്ത് കടുത്ത ക്ഷാമത്തിനുള്ള സാധ്യതകളാണ് കാണുന്നതെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.