ഇറക്കുമതിക്ക് ഗുണനിലവാര മാനദണ്ഡങ്ങള്‍ ഇന്ത്യ കര്‍ശനമാക്കിയത് ആപ്പിള്‍ അടക്കമുളള കമ്പനികള്‍ക്ക് വന്‍ തിരിച്ചടി

November 26, 2020 |
|
News

                  ഇറക്കുമതിക്ക് ഗുണനിലവാര മാനദണ്ഡങ്ങള്‍ ഇന്ത്യ കര്‍ശനമാക്കിയത് ആപ്പിള്‍ അടക്കമുളള കമ്പനികള്‍ക്ക് വന്‍ തിരിച്ചടി

ചൈനയില്‍ നിന്നുളള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതിക്ക് ഗുണനിലവാരത്തിനുളള മാനദണ്ഡങ്ങള്‍ ഇന്ത്യ കര്‍ശനമാക്കിയത് ആപ്പിള്‍ അടക്കമുളള കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാകുന്നു. നടപടികള്‍ കര്‍ശനമാക്കിയതോടെ കഴിഞ്ഞ മാസം ആപ്പിളിന്റെ ഏറ്റവും പുതിയ ഐ ഫോണിന്റെ ഇറക്കുമതി ഇന്ത്യയില്‍ മന്ദഗതിയിലായി. ഷവോമി അടക്കമുളള മറ്റ് പ്രമുഖ കമ്പനികളുടെ ഉല്‍പ്പന്നങ്ങളുടെ ഇന്ത്യയിലേക്കുളള വരവിനേയും ഈ നിയന്ത്രണങ്ങള്‍ സാരമായി ബാധിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്- ബിഐഎസ് സാധാരണയായി കമ്പനികളുടെ അപേക്ഷകള്‍ 15 ദിവസങ്ങള്‍ക്കുളളില്‍ തന്നെ തീര്‍പ്പാക്കുകയാണ് പതിവ്. എന്നാലിപ്പോള്‍ ചിലവയ്ക്ക് രണ്ട് മാസവും അതില്‍ക്കൂടുതലുമൊക്കെ സമയമെടുക്കുകയാണ്. അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന ബന്ധം വഷളായതിന് പിന്നാലെയാണ് ചൈനയില്‍ നിന്നുളള ഇറക്കുമതിക്ക് മേല്‍ ഇന്ത്യ പിടിമുറുക്കിയത്.

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളായ സ്മാര്‍ട്ട് ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ലാപ്പ് ടോപുകള്‍ അടക്കമുളളവയ്ക്കാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം മുതല്‍ ബിഐഎസ് ഗുണനിലവാരത്തിനുളള അനുമതി വൈകിപ്പിക്കാന്‍ ആരംഭിച്ചത്. ചൈനയില്‍ നിന്നുളള കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനുളള ചട്ടങ്ങളും ഇന്ത്യ കര്‍ശനമാക്കിയിരിക്കുകയാണ്.

മാത്രമല്ല നൂറുകണക്കിന് ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടെക് ഭീമന്മാരായ ടെന്‍സെന്റ്, ആലിബാബ, ബൈറ്റ് ഡാന്‍സ് അടക്കമുളളവയുടെ ആപ്പുകള്‍ക്ക് നിരോധനമുണ്ട്. ചൊവ്വാഴ്ച 43 ആപ്പുകള്‍ക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ആപ്പിളിന്റെ ഏറ്റവും പുതിയ ഐ ഫോണ്‍ 12 ആണ് കുരുക്കിലായിരിക്കുന്നത്. ആപ്പിളിന് ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങളുണ്ട്. എന്നാല്‍ പുതിയ മോഡലുകള്‍ ചൈനയില്‍ നിന്നാണ് ഇറക്കുമതി നടത്തുന്നത്. സംഭവത്തില്‍ ആപ്പിള്‍ പ്രതികരിച്ചിട്ടില്ല.

Read more topics: # apple, # ആപ്പിള്‍,

Related Articles

© 2025 Financial Views. All Rights Reserved