
2021ല്‍ ഇന്ത്യയിലെ കമ്പനികളില്‍ 7.7 ശതമാനം ശമ്പള വര്‍ധനവെങ്കിലും ശരാശരി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. അയോണ്‍ സംഘടിപ്പിച്ച സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. പ്രൊഫഷണല്‍ സര്‍വ്വീസുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന അന്താരാഷ്ട്ര തലത്തിലുളള സ്ഥാപനമാണ് അയോണ്‍. ഇന്ത്യന്‍ കോര്‍പറേറ്റ് മേഖലയിലെ 1200 സ്ഥാപനങ്ങളില്‍ ആണ് അയോണ്‍ സര്‍വ്വേ നടത്തിയത്.
22 വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവയാണ് ഈ സ്ഥാപനങ്ങള്‍. അയോണിന്റെ സര്‍വ്വേയില്‍ പങ്കെടുത്ത കമ്പനികളില്‍ 88 ശതമാനവും തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമായും ഇ-കൊമേഴ്സ്, ഐടി, ഐടിഇഎസ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലാണ് 2021ല്‍ ശമ്പള വര്‍ധനവ് പ്രതീക്ഷിക്കുന്നത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കേയാണ് ഇന്ത്യയിലെ കമ്പനികള്‍ ശമ്പള വര്‍ധനവിന് താല്‍പര്യമെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
കൊവിഡ് ആഗോള സാമ്പത്തിക രംഗത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ബ്രിക് രാജ്യങ്ങളില്‍ റഷ്യയും ചൈനയും ബ്രസീലും അടക്കമുളള രാജ്യങ്ങള്‍ ശമ്പള വര്‍ധനവില്‍ ഇന്ത്യയ്ക്ക് പിന്നിലാണ്. ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, എഞ്ചിനീയറിംഗ് സേവനങ്ങള്‍ അടക്കമുളള മേഖലകളെ കൊവിഡ് പ്രതിസന്ധി സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്ന ഈ മേഖലകളിലെ കമ്പനികളില്‍ ശമ്പള വര്‍ധനവ് ഏറ്റവും കുറഞ്ഞ നിരക്കിലാണ്.