റഷ്യയോട് ചങ്ങാത്തം കൂടാനൊരുങ്ങി ഇന്ത്യ; രൂപയില്‍ ഇടപാടിനുള്ള സാധ്യത തേടുന്നു

February 28, 2022 |
|
News

                  റഷ്യയോട് ചങ്ങാത്തം കൂടാനൊരുങ്ങി ഇന്ത്യ;  രൂപയില്‍ ഇടപാടിനുള്ള സാധ്യത തേടുന്നു

യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നു റഷ്യയ്ക്കുമേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന തിരക്കിലാണ് ലോകരാഷ്ട്രങ്ങള്‍. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ഇന്ത്യ നിഷ്പക്ഷ നിലപാടാണ് കൈക്കൊണ്ടത്. ഇന്ത്യയുടെ തീരുമാനങ്ങളില്‍ റഷ്യ നേരിട്ട് സംതൃപ്തിയും രേഖപ്പെടുത്തി കഴിഞ്ഞു. ഇന്ത്യയുമായി നല്ല സൗഹൃദത്തിലാണ് റഷ്യയെന്നത് തന്നെയാണ് നിഷ്പക്ഷ നിലപാടിനുള്ള കാരണം. റഷ്യയെ സമ്മര്‍ദത്തിലാക്കാന്‍ രാജ്യങ്ങള്‍ ഉപരോധങ്ങള്‍ ശക്തമാക്കുമ്പോള്‍ രൂപയില്‍ വാപാര ഇടപാടുകള്‍ സാധ്യമാക്കുന്നതിനുള്ള വഴികള്‍ തേടുകയാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

യുക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യയ്ക്ക് മേല്‍ അന്താരാഷ്ട്ര ഉപരോധം ഏര്‍പ്പെടുത്തിയതിന്റെ പ്രത്യാഘാതം നേരിടാനാണ് സര്‍ക്കാര്‍ ഇത്തരമൊരു സംവിധാനം പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. യുഎസ്, യൂറോപ്യന്‍ യൂണിയന്‍, യുകെ, കാനഡ തുടങ്ങിയ പ്രധാന രാജ്യങ്ങള്‍ ഇതുവരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നടപടികളില്‍ ചിലത് റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളെ ലക്ഷ്യം വയ്ക്കുകയും പ്രധാന കറന്‍സികളില്‍ ഇടപാടുകള്‍ നടത്തുന്നതിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. രാജ്യാന്തര ഇടപാടുകള്‍ സുഗമമാക്കുന്ന സ്വിഫ്റ്റ് സംവിധാനത്തില്‍ നിന്നും റഷ്യയെ ഒഴിവാക്കി.

മറ്റു കറന്‍സികളില്‍ റഷ്യയുമായുള്ള ഇടപാടുകള്‍ സാധ്യമാക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍, വ്യാപാര ഇടപാടുകള്‍ തീര്‍പ്പാക്കുന്നതിനായി റഷ്യന്‍ ബാങ്കുകളെയും സ്ഥാപനങ്ങളെയും ഇന്ത്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമോ എന്ന് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കുകയാണ്. ഒരു ബാങ്കിങ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടാണ് റോയിട്ടേഴ്‌സ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റഷ്യ നിര്‍ദേശം അംഗീകരിച്ചാല്‍ രൂപയില്‍ ഇടപാടുകള്‍ സാധ്യമാകുമെന്നാണു വിലയിരുത്തല്‍. പ്രതിരോധ മേഖലയിലടക്കം റഷ്യയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ വ്യാപാര കരാറുകളുണ്ട്.

പേയ്‌മെന്റിന്റെ ഒരു ഭാഗം വിദേശ കറന്‍സി വഴിയും മറ്റൊരു ഭാഗം ഇന്ത്യയില്‍ അധിഷ്ഠിതമായ രൂപ അക്കൗണ്ടുകളിലൂടെയുമാകാവുന്ന മറ്റൊരു ക്രമീകരണവും മോദി സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ബാങ്കിങ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മോസ്‌കോയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ ഇന്ത്യ മുമ്പ് റഷ്യയുമായി ബദല്‍ പേയ്‌മെന്റ് മാര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നു. യുദ്ധം തുടങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ യുക്രൈന്‍ പ്രതിരോധം ശക്തമാക്കുകയാണ്. യുദ്ധം നീണ്ടുപോകുന്നത് എണ്ണ, ഓഹരി വിപണികളില്‍ സമ്മര്‍ദം വര്‍ധിപ്പിക്കുമെന്നാണു വിലയിരുത്തല്‍.

Read more topics: # Narendra Modi,

Related Articles

© 2025 Financial Views. All Rights Reserved