ലിഥിയം അയണ്‍ ബാറ്ററികളുടെ ഇറക്കുമതി കുറയ്ക്കണമെന്ന് നിതിന്‍ ഗഡ്കരി

August 07, 2020 |
|
News

                  ലിഥിയം അയണ്‍ ബാറ്ററികളുടെ ഇറക്കുമതി കുറയ്ക്കണമെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളിലെ (ഇവി) പ്രധാന ഘടകങ്ങളിലൊന്നായ ലിഥിയം അയണ്‍ ബാറ്ററികളുടെ ഇറക്കുമതി കുറയ്‌ക്കേണ്ടതുണ്ടെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ ചുമതലയുളള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. 'നിര്‍മാണ ഘടകങ്ങളില്‍, പ്രത്യേകിച്ച് ഇന്ത്യയില്‍ തന്നെ ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മിക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന,'' ഇ-മൊബിലിറ്റി കോണ്‍ക്ലേവില്‍ ഗഡ്കരി പറഞ്ഞു.

'രണ്ട് സ്വകാര്യ കമ്പനികള്‍ക്ക് ലിഥിയം അയോണ്‍ ഖനികള്‍ നല്‍കി. അസംസ്‌കൃത വസ്തുക്കള്‍ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, സോഡിയം അയോണ്‍ സാങ്കേതികവിദ്യയെക്കുറിച്ചും ഗവേഷണം നടന്നുവരുകയാണ്,' അദ്ദേഹം പറഞ്ഞു.

ഇവികള്‍, ലാപ് ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയ്ക്കായി റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററികളുടെ നിര്‍മാണ ബ്ലോക്കുകളാണ് ലിഥിയം സെല്ലുകള്‍. നിലവില്‍, ബാറ്ററിക്ക് ആവശ്യമായ ലോഹം ഇന്ത്യയില്‍ ലഭ്യമായിട്ടും, ഇന്ത്യ ഈ സെല്ലുകളുടെ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുകയാണ്. ചെലവ് കുറയ്ക്കുന്നതിനായി ധനകാര്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷം ലിഥിയം അയണ്‍ സെല്ലുകളില്‍ കസ്റ്റംസ് തീരുവ ഇളവ് പ്രഖ്യാപിച്ചിരുന്നു.

ആഗോളതലത്തില്‍ ലിഥിയം അയണ്‍ സെല്‍ നിര്‍മ്മാണത്തില്‍ ചൈന ആധിപത്യം പുലര്‍ത്തുന്നു, യുഎസ്, തായ്‌ലന്‍ഡ്, ജര്‍മ്മനി, സ്വീഡന്‍, ദക്ഷിണ കൊറിയ എന്നിവയാണ് തൊട്ടുപിന്നില്‍. 'പെട്രോള്‍, ഡീസല്‍ വാഹനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇലക്ട്രിക് വാഹനം സാമ്പത്തികമായി ലാഭകരമാണ്,'' അദ്ദേഹം പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved