
പ്രമുഖ വിദേശ കണ്‍സ്യൂമര്‍ കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ മെച്ചപ്പെട്ട പ്രകടനം നടത്തി. വെള്‍പൂള്‍, ജോണ്‍സണ്‍ കണ്‍ട്രോള്‍സ് ഇന്റര്‍നാഷണല്‍, കൊക്ക കോള, യൂണിലിവര്‍ തുടങ്ങിയവക്ക് 2022 ആദ്യ പാദത്തില്‍ മറ്റ് കമ്പനികളെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സാധിച്ചു. അമേരിക്കയിലെ വീട്ടുപകരണ ബ്രാന്‍ഡായ വെള്‍പൂള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യന്‍, അമേരിക്കന്‍ വിപണിയെയാണ്. വാഷിങ് മെഷീന്‍, ഫ്രിഡ്ജ്, എസി, മൈക്രോവേവ്, ഡിഷ്വാഷര്‍, വാട്ടര്‍ പ്യൂരിഫയെര്‍ തുടങ്ങി നിരവധി വീട്ടുപകരണങ്ങള്‍ വെള്‍പൂള്‍ വിപണനം ചെയ്യുന്നുണ്ട്.
അധികം താമസിയാതെ വേള്‍പൂളിന്റെ ആഗോള തലത്തില്‍ ആദ്യ മൂന്ന് വിപണികളില്‍ ഒന്നായി ഇന്ത്യ മാറുമെന്ന് കമ്പനി അധ്യക്ഷന്‍ മാര്‍ക്ക് ബിറ്റ്‌സര്‍ അറിയിച്ചു. പ്രമുഖ മദ്യ കമ്പനിയായ പെര്‍നോഡ് റിക്കാര്‍ഡ് കഴിഞ്ഞ വര്‍ഷം 19 % വളര്‍ച്ചയാണ് ഇന്ത്യന്‍ വിപണിയില്‍ നേടിയത്. ഈ കമ്പനിയുടെ വിസ്‌കിക്ക് ഡിമാന്റ് വര്‍ധിക്കുന്നുണ്ട്. പ്രമുഖ ബിയര്‍ ബ്രാന്‍ഡുകളായ ഹെയ് നികെന്‍, കാള്‍സ്‌ബെര്‍ഗ് എന്നിവയ്ക്കും വളര്‍ച്ച നേടാന്‍ കഴിയുന്നുണ്ട്.
കൊക്കക്കോള ഇന്ത്യയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതായി അധ്യക്ഷന്‍ ജയിംസ് ക്വിന്‍സി അറിയിച്ചിട്ടുണ്ട് -240,000 ഔട്ട് ലെറ്റുകളും, 50,000 കൂളറുകളും സ്ഥാപിക്കാനുമാണ് നീക്കം. ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ വളര്‍ച്ച റീറ്റെയ്ല്‍ വിപണി ശക്തിപ്പെടാന്‍ സഹായിച്ചിട്ടുണ്ട്. റിലയന്‍സ് റീറ്റെയ്ല്‍ 2021-22 നാലാം പാദത്തില്‍ നികുതിക്ക് മുന്‍പുള്ള ലാഭത്തില്‍ 2.43 % വര്‍ധനവ് രേഖപ്പെടുത്തി 3705 കോടി രൂപ നേടിയെടുക്കാന്‍ സാധിച്ചു. ഫാഷന്‍, ലൈഫ് സ്‌റ്റൈല്‍, പലവ്യഞ്ജനങ്ങള്‍ എന്നിവയിലാണ് റിലയന്‍സ് റീറ്റെയ്ല്‍ ശക്തമായ വളര്‍ച്ച കൈവരിച്ചത്.