ഇന്ത്യയും ഇസ്രായേലും യുഎഇയും ആദ്യമായി സംയുക്ത ത്രികക്ഷി കരാര്‍ ഒപ്പുവച്ചു; ലക്ഷ്യം സാമ്പത്തിക മുന്നേറ്റം

May 08, 2021 |
|
News

                  ഇന്ത്യയും ഇസ്രായേലും യുഎഇയും ആദ്യമായി സംയുക്ത ത്രികക്ഷി കരാര്‍ ഒപ്പുവച്ചു; ലക്ഷ്യം സാമ്പത്തിക മുന്നേറ്റം

ന്യൂഡല്‍ഹി: ഇന്ത്യയും ഇസ്രായേലും യുഎഇയും ആദ്യമായി സംയുക്ത ത്രികക്ഷി കരാര്‍ ഒപ്പുവച്ചു. ഇസ്രായേലും യുഎഇയും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ച ശേഷം ആദ്യമായാണ് ഇത്തരമൊരു കരാര്‍. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്തോ-ഇസ്രായേല്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആണ് ത്രികക്ഷി കരാറിന് മുന്‍കൈ എടുത്തത്. ഇസ്രായേല്‍ കമ്പനിയായ ഇകോപ്പിയ യുഎഇയിലെ പ്രൊജക്ടുകള്‍ക്ക് വേണ്ടി ഇന്ത്യയില്‍ നിര്‍മിക്കുക എന്നതാണ് കരാറിന്റെ ഉള്ളടക്കം. റോബോട്ടിക് സോളാര്‍ ക്ലീനിങ് ടെക്നോളജി ഇകോപ്പിയ ഇന്ത്യയില്‍ നിര്‍മിക്കും. ശേഷം അവ യുഎഇയിലെ സുപ്രധാന പ്രൊജക്ടില്‍ ഉപയോഗിക്കുമെന്ന് ഇസ്രായേല്‍ എംബസി അറിയിച്ചു.

ഇസ്രായേലിലെ പ്രധാന കമ്പനിയാണ് ഇകോപ്പിയ. പുനരുപയോഗ ഊര്‍ജ മേഖലയിലാണ് കരാര്‍ നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് യുഎഇയും ഇസ്രയേലും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. അമേരിക്ക മധ്യസ്ഥത വഹിച്ചതിനെ തുടര്‍ന്നാണ് ബന്ധം സ്ഥാപിക്കപ്പെട്ടത്. ഗള്‍ഫ് മേഖലയില്‍ യുഎഇയുമായി അടുക്കുന്ന ആദ്യ രാജ്യമാണ് യുഎഇ. അറബ് ലോകത്തെ മൂന്നാമത്തെ രാജ്യവും. യുഎഇക്ക് മുമ്പ് ഈജിപ്തും ജോര്‍ദാനുമാണ് ഇസ്രായേലുമായി ബന്ധം സ്ഥാപിച്ച അറബ് രാജ്യങ്ങള്‍.

ഇസ്രായേലും യുഎഇയും ബന്ധം സ്ഥാപിച്ചതിന് പിന്നാലെ വ്യാപാര-വാണിജ്യ മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. ഈ രണ്ട് രാജ്യങ്ങളുമായും അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. തുടര്‍ന്നാണ് മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്ന് സാമ്പത്തിക-വാണിജ്യ മേഖലയില്‍ കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ആദ്യ പടിയാണ് ത്രികക്ഷി സഹകരണ കരാര്‍. 2030 ആകുമ്പോഴേക്കും 11000 കോടി ഡോളറിന്റെ സഹകരണ കരാറാണ് മൂന്ന് രാജ്യങ്ങളും ലക്ഷ്യമിടുന്നത്.

Related Articles

© 2025 Financial Views. All Rights Reserved