
ന്യൂഡല്‍ഹി: പാരസെറ്റോമോള്‍ ഗുളികയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന കയറ്റുമതി വിലക്ക് അടിയന്തിര പ്രാധാന്യത്തോടെ പിന്‍വലിച്ചു. മാര്‍ച്ച് മൂന്നിനാണ് ഗുളികയുടെ കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ആകെ 26 ഗുളികകള്‍ക്കാണ് മാര്‍ച്ച് ആദ്യവാരം കയറ്റുമതി വിലക്ക് കൊണ്ടുവന്നതെങ്കിലും തൊട്ടടുത്ത മാസം തന്നെ ഇതില്‍ കേന്ദ്രം മാറ്റം വരുത്തിയിരുന്നു. ഏപ്രില്‍ ആറിന് 24 ഗുളികകളുടെ വിലക്കാണ് പിന്‍വലിച്ചത്.
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ മരുന്ന് വ്യവസായം ഇന്ത്യയിലേതാണ്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ 14ാമത്തേതുമാണ് ഈ വ്യവസായ മേഖല. 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ 5.41 ബില്യണ്‍ ഡോളറിന്റെ പാരസെറ്റോമോള്‍ കയറ്റുമതി ചെയ്തിരുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിലെ കയറ്റുമതി മൂല്യം 5.8 ബില്യണ്‍ ഡോളറിന്റേതായിരുന്നു.
കഴിഞ്ഞ മാസം ഇന്ത്യ 19 ലക്ഷം ഗുളികകളാണ് 31 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതെന്നാണ് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. ഹൈഡ്രോക്‌സിക്ലോറോക്വിന്‍, പാരസെറ്റോമോള്‍ ഗുളികകള്‍ വാണിജ്യാടിസ്ഥാനത്തില്‍ 87 രാജ്യങ്ങളിലേക്ക് അയച്ചതായും കേന്ദ്രം വ്യക്തമാക്കിയിരുന്നു.