
ന്യൂഡല്‍ഹി: ധനക്കമ്മി നിരക്ക് കുറച്ചേക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മുന്‍ നിശ്ചയിച്ചതിലും കുറഞ്ഞ ധനക്കമ്മി നിരക്ക് നിശ്ചയിക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 6.3 ശതമാനം മുതല്‍ 6.5 ശതമാനം വരെ ധനക്കമ്മിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് ലക്ഷ്യമിടുന്നത്. കൊവിഡ് ഒമിക്രോണ്‍ വ്യാപനം സാമ്പത്തിക രംഗത്തിന്റെ തിരിച്ചുവരവിന് വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഈ തീരുമാനത്തിലേക്ക് പോകുന്നത്.
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് 2022-2023 ബജറ്റ് അവതരിപ്പിക്കും. ബജറ്റില്‍ സര്‍ക്കാര്‍ ചെലവുകള്‍ കുത്തനെ കുറക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കില്ല. സാമ്പത്തിക വളര്‍ച്ചാ സാധ്യതകളെ ഇത്തരമൊരു തീരുമാനം ബാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സാമ്പത്തിക രംഗത്ത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സര്‍ക്കാരും ഉള്ളത്.
അതിനാല്‍ തന്നെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനക്കമ്മിയില്‍ 30-50 ബേസിസ് പോയിന്റ് വെട്ടിക്കുറയ്ക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 240 ബേസിസ് പോയിന്റ് കുറച്ച് 6.8 ശതമാനം ആക്കിയതിന് ശേഷം വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി കുത്തനെ കുറയ്ക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു കേന്ദ്രസര്‍ക്കാര്‍.
ധനക്കമ്മി 2020-21 ലെ 9.4 ശതമാനത്തില്‍ നിന്ന് ജിഡിപിയുടെ അഞ്ച് ശതമാനമാക്കി കുറയ്ക്കാന്‍ കഴിയുമെന്ന് ചില സ്വകാര്യ സാമ്പത്തിക വിദഗ്ധരും ബ്രോക്കറേജ് സ്ഥാപനങ്ങളും അഭിപ്രായപ്പെടുന്നുണ്ട്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനം വളര്‍ച്ചാ ലക്ഷ്യം കൈവരിക്കുന്നതിന് പുതിയ ഒമിക്രോണ്‍ വകഭേദം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കൊവിഡ് വ്യാപനം വീണ്ടുമുയര്‍ന്നാല്‍ ജനുവരി - മാര്‍ച്ച് പാദത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. ഇതാണ് കേന്ദ്രത്തെ ആശങ്കയിലാഴ്ത്തുന്നത്.