
ഡല്‍ഹി: സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി വൈദ്യുത വാഹനങ്ങള്‍ക്കുള്ള ബാറ്ററി സ്വയം നിര്‍മ്മിക്കാന്‍ ഇന്ത്യ. പോളിമര്‍ സാങ്കേതിക വിദ്യയുള്ള ബാറ്ററികള്‍ വരുന്നതോടെ ചൈനീസ് ലിഥിയം ബാറ്ററിയോട് വൈകാതെ തന്നെ ഗുഡ്‌ബൈ പറയാം. നിലവില്‍ ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ലിഥിയം- കോബാള്‍ട്ട് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററികളാണ് ഇറക്കുമതി ചെയ്യുന്നത്. ബോളീവിയ, അര്‍ജന്റീന ചിലെ എന്നീ രാജ്യങ്ങളിലെ ചൈനീസ് ഉടമസ്ഥതയിലുള്ള ലിഥിയം മൈനുകളില്‍ വന്‍ ഇളവുകള്‍ നേടുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം.
ബാറ്ററി വിതരണ രംഗത്തെ ചൂഷണ സാധ്യതകളില്‍ ഇന്ത്യ അകപ്പെട്ട് പോകാതിരിക്കുന്നതിനാണ് നീക്കമെന്നാണ് സൂചന. രാജ്യത്തെ ഒട്ടുമിക്ക വൈദ്യുത വാഹനങ്ങളും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ബാറ്ററികളിലാണ് ഓടുന്നത്. നിലവില്‍ ഒരു ലിഥിയം അയണ്‍ ബാറ്ററിക്ക് വൈദ്യുത വാഹനത്തിന്റെ 40 ശതമാനം വിലവരും. വൈദ്യുത വാഹനങ്ങളുടെ ഏറ്റവും പ്രധാന ഘടകമായ സ്റ്റോറേജ് ബാറ്ററിയുടെ നിര്‍മാണം അടുത്ത വര്‍ഷത്തോടെ ആഗോളതലത്തില്‍ വന്‍തോതില്‍ പ്രതിബന്ധം നേരിട്ടേക്കുമെന്നും ഇവയുടെ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത ലോഹങ്ങളായ ലിഥിയം, കൊബാള്‍ട്ട്, നിക്കല്‍ എന്നിവയുടെ ലഭ്യത 2020 മധ്യത്തോടെ ആവശ്യത്തിന് മതിയാകില്ലെന്നും ഊര്‍ജ മേഖലയിലെ ഗവേഷണ സ്ഥാപനമായ വുഡ് മക്കെന്‍സിയുടെ പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു.
ലോകമെങ്ങും ഇലക്ട്രിക് വാഹന ഉപയോഗത്തില്‍ വരുന്ന പതിറ്റാണ്ടുകളില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ആവശ്യകത യാഥാര്‍ഥ്യമാക്കാന്‍ വാഹന നിര്‍മാതാക്കള്‍ വന്‍തോതില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കും. ഇതോടെ വളരെ വിരളമായി കാണപ്പെടുന്ന അസംസ്‌കൃത ലോഹങ്ങള്‍ മതിയാകാതെ വരുമെന്ന് വുഡ് മക്കെന്‍സി വ്യക്തമാക്കുന്നു.