അംബാനിയുടെ സമ്പത്ത് വര്‍ധിക്കുമ്പോഴും സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക് വീഴുന്നതെങ്ങനെ? മാന്ദ്യം അംബാനിക്ക് മാത്രം നേട്ടമാകുമ്പോള്‍ പൊതുമേഖലാ കമ്പനികള്‍ നഷ്ടത്തില്‍; സര്‍ക്കാര്‍ അംബാനിയുടെ വലം കയ്യോ?

December 27, 2019 |
|
News

                  അംബാനിയുടെ സമ്പത്ത് വര്‍ധിക്കുമ്പോഴും സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക് വീഴുന്നതെങ്ങനെ? മാന്ദ്യം അംബാനിക്ക് മാത്രം നേട്ടമാകുമ്പോള്‍ പൊതുമേഖലാ കമ്പനികള്‍ നഷ്ടത്തില്‍; സര്‍ക്കാര്‍ അംബാനിയുടെ വലം കയ്യോ?

ഇന്ത്യയില്‍ മുകേഷ് അംബാനി തിളങ്ങുകയാണ്. രാജ്യത്ത് മാന്ദ്യം ശക്തിപ്പെടുമ്പോഴും അംബാനിയുടെ ബിസിനസ് സംരഭങ്ങളെല്ലാം വളരുകയാണ്. സമ്പത്തിലെല്ലാം ഭീമമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനെന്ന പദവി, ലോകത്തിലെ പതിലനാലാമത്തെ കോടീശ്വരന്‍ എന്നീ നേട്ടമാണ് 2019 ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി നേടിയത്. അംബാനിയുടെ ഈ കുതിപ്പ് കണ്ട് പലരും അമ്പരന്നിരിക്കുകയാണ്. ബിസിനസ് രംഗത്ത് മാന്ത്രിക നേട്ടം കൈവരിച്ചാണ് അംബാനി ഇപ്പോള്‍ മുന്നേറുന്നതെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.  പെട്രോ കെമിക്കല്‍ ബിസിനസ് സംരംഭങ്ങളിലും, ടെലികോം, റീട്ടെയ്ല്‍ ബിസിനസ് സംരഭങ്ങളിലുമെല്ലാം അംബാനി വന്‍ മുന്നേറ്റമാണ് നടത്തുന്നത്.  എന്നാല്‍ മറ്റൊരു കാര്യം എടുത്തുപറയാതിരിക്കാന്‍  കഴിയില്ല. മുകേഷ് അംബാനിയുടെ സമ്പത്ത് കുമിഞ്ഞ് കൂടുമ്പോഴും രാജ്യം മാന്ദ്യത്തിലേക്ക് വീഴുന്നുവെന്ന് മാത്രമല്ല, സര്‍ക്കാറിന് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ മറ്റ് വഴികള്‍ തേടേണ്ടി വരുന്നുവെന്നര്‍ത്ഥം. 2016 ല്‍ തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ആവട്ടെ വന്‍ മുന്നേറ്റമാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ഉപഭോക്തൃ അടിത്തറ വികസിച്ചും, വരുമാനത്തില്‍ വന്‍ നേട്ടം കൊയ്തും റിലയന്‍ ജിയോ മുന്നേറ്റം നടത്തുമ്പോള്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍  ഇപ്പോള്‍ നഷ്ടത്തിലേക്ക് വഴുതി വീണിരിക്കുന്നു. 4ജി പോലും പൂര്‍ണമായും നടപ്പിലാക്കാന്‍  സാധിക്കാതെ ബിഎസ് എന്‍എല്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണിപ്പോള്‍.  കമ്പനിയുടെ ആകെ സാമ്പത്തിക ബാധ്യത 90,000 കോടി രൂപയോളമാണെന്നാണ് റിപ്പോര്‍ട്ട്.  

രാജ്യത്ത് മാന്ദ്യം പെരുകുമ്പോഴും മുകേഷ് അംബാനിയുടെ ഈ കുതിപ്പ് ഇങ്ങനെയാണ്.  2019 ല്‍ മുകേഷ് അംബാനിയുടെ സമ്പത്തില്‍ ഉണ്ടായ വര്‍ധന 17 ബില്യണ്‍ ഡോളര്‍ ആണ്, ഇതോടെ അംബാനിയുടെ ആകെ സമ്പത്ത് 61 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.  ഇതോടെ ബ്ലൂംബര്‍ സൂചികയില്‍ മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായി മാറി. റിലയന്‍സ് ഇനന്‍ഡസ്ട്രീസിന്റെ വിപണി 10 ലക്ഷം കോടി രൂപയായി ഉയര്‍ന്നതോടെയാണ്  അംബാനിയുടെ ആസ്തിയിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്.  2019 ജനുവരി മുതല്‍ കമ്പനിയുടെ ഓഹരി വിലയില്‍ 40 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  എന്നാല്‍ അംബാനിയുടെ സ്വത്ത് വര്‍ധനവുണ്ടാക്കുമ്പോഴും ഇന്ത്യയ്ക്ക് ഭീമമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.  

ആഭ്യന്തര ഉത്പ്പാദനത്തില്‍  വന്ന ഇടിവ്, വ്യവസായിക തളര്‍ച്ച എന്നിവയുടെയെല്ലാം ഇടിവ് മൂലം നടപ്പുവര്‍ഷം  2.8 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് അധിക സാമ്പത്തിക പ്രവര്‍ത്തനത്തില്‍ 2.8 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കാമെന്ന് അര്‍ത്ഥം. 2019 സാമ്പത്തിക വര്‍ഷം യഥാര്‍ത്ഥ ജിഡിപി 140.78 ലക്ഷം കോടി രൂപയായിരുന്നു എന്നാണ് വിലിയിരുത്തല്‍.  രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം ഇപ്പോഴും ഏറ്റവും വലിയ തളര്‍ച്ചയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്.  മാന്ദ്യം രാജ്യത്തെ വിവിധ ബിസിനിസ് സംരംഭങ്ങളില്‍ പടരുമ്പോഴും അംബാനിക്ക് ഒറു പ്രശ്‌നമല്ലതാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാറിന്റെ കടത്തിലും ഭീമമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സമ്പദ്വ്യവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയെന്നാണ് വിലയിരുത്തല്‍.  സര്‍ക്കാറിന്റെ കടം തന്നെ അധികരിക്കുകയും ചെയ്തു. 

മോദിസര്‍ക്കാറിന്റെ 2018 ലെ ആകെ കടം  82,03,253 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നാല് വര്‍ഷം കൊണ്ട് സര്‍ക്കാറിന് അധിക സാമ്പത്തിക ബാധ്യതയുണ്ടായെന്നാണ് വിലയിരുത്തല്‍.  ഈ കടബാധ്യതയെല്ലാം നികത്താന്‍ വേണ്ടിയാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയില്‍  നിന്ന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി കരുതല്‍ധനം പിടിച്ചുവാങ്ങിയത്. എന്നാല്‍ കരുതല്‍ ധനം പിടിച്ചുവാങ്ങിയിട്ടും സര്‍ക്കാറിന്ന് അധിക സാമ്പത്തിക ബാധ്യതയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വിണുപോയെന്നര്‍ത്ഥം.  സാമ്പത്തിക ബാധ്യത  എങ്ങനെ പരിഹരിക്കാം എന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍  വന്‍ ലാഭത്തില്‍  പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ച് ഫണ്ട് സമാഹരിക്കാനുള്ള നീക്കം നടത്തുന്നത്. 

 രാജ്യത്തെ പൊതുമേഖലാ കമ്പനികളായ ബിഎസ്എന്‍എല്‍, എയര്‍ ഇന്ത്യ തുടങ്ങിയവയെല്ലാം നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.  പൊതുമേഖലാ കമ്പനികളെ ശ്കതിപ്പെടുത്തുന്നതിന് പകരം സ്വകാര്യ കമ്പനികള്‍ക്കും, സ്വകാര്യ വ്യക്തികള്‍ക്കും  നേട്ടമുണ്ടാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്.  കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചതും അതുകൊണ്ടാണ്.  എന്നാല്‍ വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബിപിസിഎല്‍ അടക്കമുള്ള കമ്പനികളില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. പൊതുമേഖലാ കമ്പനികളില്‍  സ്വകാര്യവ്തക്കരണം ശക്തമാക്കുന്നതോടെ രാജ്യത്തെ പൊതുമേഖലകളില്‍ കൂടി സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടും. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിന് കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍. വിദേശ നിക്ഷേപമടക്കം വന്‍ തോതില്‍ നേടിയാണ് അംബാനി ഇപ്പോള്‍ മുന്നേറുന്നത്. ബ്രിട്ടീഷ് പെട്രോളിയവും റിലയന്‍സ് ഇന്‍ഡസ്ട്രീസും തമ്മില്‍  കൈകോര്‍ത്ത് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.  ഇരു കമ്പനികളും ചേര്‍ന്ന് ഇന്ധന ചില്ലറ വില്‍പ്പനയിലേക്കാണ് പ്രവശനത്തിനായി ഒരുങ്ങുന്നത്.  ബ്രിട്ടീഷ് പെട്രോളിയവുമായി സഹകരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് റിലയന്‍സ് ജിയോ ബിപി എന്ന ബ്രാന്‍ഡ് പുറത്തിറക്കിയേക്കും. കരാര്‍ പൂര്‍ത്തീകുന്നതോടെ രാജ്യത്ത് പുതിയ  5,500  പുതിയ പെട്രോള്‍ പമ്പുകളാണ് ഉണ്ടാവുക.  നിലവില്‍ 1,400 പമ്പുകളാണ് രാജ്യത്ത്  റിലയന്‍സ് ഇന്‍ഡസ്ട്രീസിനുള്ളത്. ഇത് 5,500 ആയി ഉയര്‍ത്താനാണ് തീരുമാനം.  പൊതുമേഖലാ കമ്പനികള്‍ക്ക് അംബാനിയുടെ കമ്പനികള്‍ വെല്ലുവിളിയാകുമ്പോഴും സര്‍ക്കാര്‍ പോലും മുകേഷ് അംബാനിയുടെ വലം കയ്യായി മാറുന്നുണ്ടെന്നാണ് ആക്ഷേപം. 

Baiju Swami

Independent Financial and project management consultant having over two decades of experience in currency, equity,debt, quasi debt and private equity practices. Serves as strategic consultant to mid size companies and start ups.
mail: [email protected]

Related Articles

© 2025 Financial Views. All Rights Reserved