
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന സൃഷ്ടിച്ച പ്രകോപനത്തിന് 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച തീരുമാനത്തിനു പിന്നാലെ വീണ്ടും കടുത്ത തീരുമാനങ്ങളുമായി ഇന്ത്യ. ചൈനയില്‍ നിന്നുള്ള വില കുറഞ്ഞതും നിലവാരമില്ലാത്തതുമായ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കാനാണ് ഇന്ത്യയുടെ നീക്കം. ഈ ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തി ഇറക്കുമതി കുറയ്ക്കുക എന്നതാണ് ഇന്ത്യ അടുത്തതായി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം മറ്റു രാജ്യങ്ങളുടെ ഇറക്കുമതിയെയും ബാധിക്കുമെങ്കിലും ചൈനയെ ആകും കൂടുതല്‍ പ്രതിസന്ധിയിലാക്കുക. ചൈനയെ പതിയെ പതിയെ പടിക്കു പുറത്താക്കുക എന്നതാണ് ഇന്ത്യ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു വ്യക്തം. വാഹനങ്ങളുടെ ഭാഗങ്ങള്‍, എസി, ഫ്രിജ് കംപ്രസര്‍, ഇലക്ട്രോണിക് സാധനങ്ങള്‍ തുടങ്ങി സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍, ലിഥിയം അയണ്‍ ഉള്‍പ്പെടെ 1,173 സാധനങ്ങളാണ് നിലവില്‍ തീരുവ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പട്ടികയിലുള്ളത്. നിലവില്‍ ചൈനയില്‍നിന്ന് പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ഇവ കുറഞ്ഞ ചിലവില്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാമെന്ന കണക്കുകൂട്ടലിലാണ് തീരുവ ഉയര്‍ത്തുന്നത്.
2019 സാമ്പത്തിക വര്‍ഷത്തില്‍ ഈ 1,173 വസ്തുക്കളുടെ ഇറക്കുമതിക്ക് 11.98 ബില്യന്‍ ഡോളറാണ് ഇന്ത്യ ചിലവിട്ടത്. ഇത് ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 2.3% മാത്രമാണ്. എന്നാല്‍ ഇന്ത്യ ചൈനയില്‍നിന്നു വാങ്ങുന്ന വസ്തുക്കളുടെ 17% വരെ ഇത് ഉള്‍പ്പെടുന്നു. ഇവയില്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 47 വസ്തുക്കള്‍ക്കു മാത്രമായി ഇന്ത്യ 50 ദശലക്ഷം ഡോളര്‍ ഒരോ സാമ്പത്തിക വര്‍ഷവും ചെലവിടുന്നു.
വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ലിഥിയം അയണ്‍ ഇറക്കുമതിക്കായി 773 മില്യന്‍ ഡോളറാണ് 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ചെലവിട്ടത്. ബൈക്ക് പാര്‍ട്‌സുകള്‍ വാങ്ങുന്നതിനായി 436 മില്യന്‍ ഡോളറും ഇന്ത്യ നല്‍കി. ഫ്രിജ് കംപ്രസറുകള്‍ക്ക് 197 മില്യന്‍, എസി കംപ്രസറുകള്‍ക്ക് 226 മില്യന്‍, സ്പലിറ്റ് എസി മെഷിനുകള്‍ക്ക് 266 മില്യന്‍, സ്റ്റീല്‍ / ഇരുമ്പിന് 181 മില്യന്‍, അലുമിനിയം ഫോയിലുകള്‍ക്ക് 171 മില്യന്‍ ഡോളര്‍ എന്നിങ്ങനെയാണ് ഇന്ത്യ നല്‍കിയത്.
ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ വിപണന കേന്ദ്രമാണ് ഇന്ത്യ. അതുകൊണ്ടു തന്ന ഇന്ത്യയുടെ ഈ നീക്കം ചൈനയ്ക്ക് കനത്ത പ്രഹരം തന്നെ സൃഷ്ടിക്കും. അതിര്‍ത്തിയില്‍ ചൈന നടത്തിയ പ്രകോപനവും അതേത്തുടര്‍ന്ന് ഇന്ത്യയ്ക്കു നഷ്ടപ്പെട്ട ധീര ജവാന്മാരുടെ ജീവനും ഇത്തരത്തില്‍ ഒരു 'പടിക്കു പുറത്താക്കല്‍' നടപടിക്ക് വേഗം കൂട്ടി എന്നു പറയാം.
എന്നാല്‍ ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നം മാത്രമല്ല ഇന്ത്യയുടെ ഈ നീക്കത്തിനു പിന്നില്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം അടച്ചിടാന്‍ പോകുന്നു എന്ന പ്രഖ്യാപനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതല്‍ എടുത്തു പറഞ്ഞ 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന ആശയവും ഈ നീക്കത്തിന് പ്രചോദനമാണ്. ചൈനയെ ശിക്ഷിക്കുക എന്നതിലുപരി തദ്ദേശീയ നിര്‍മാണങ്ങള്‍ പ്രോത്സാഹിപ്പിച്ച് ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്നതും 'ബോയ്‌കോട്ട് ചൈന' ചിന്തകള്‍ക്കു പിന്നിലുണ്ട്.
202021 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരണത്തിനു മുമ്പുതന്നെ പാദരക്ഷകള്‍, ഫര്‍ണിച്ചറുകള്‍, ടിവി സ്‌പെയര്‍പാര്‍ട്‌സുകള്‍, രാസവസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുള്‍പ്പെടെ 300 ഓളം ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തണമെന്നു വാണിജ്യ വ്യവസായ മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ചൈനയുമായി ഇപ്പോള്‍ ഉണ്ടായ അതിര്‍ത്തി സംഘര്‍ഷമാണ് ദ്രുതഗതിയിലുള്ള നീക്കങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
അതേസമയം, ഇത്തരത്തില്‍ ചെറിയ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയതു കൊണ്ടു പ്രത്യേകിച്ച് പ്രയോജനം ഒന്നും ഇന്ത്യയ്ക്ക് ലഭിക്കാനില്ലെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല ഇന്ത്യ ഇറക്കുമതി തീരുവ ഉയര്‍ത്തിയ ഈ വസ്തുക്കള്‍ക്കു മേല്‍ സബ്സിഡി സമാഹരിക്കാന്‍ ചൈനയ്ക്കു കഴിയും. ഇത് ഇന്ത്യയുടെ താരിഫ് വര്‍ധനവിനെ നിര്‍വീര്യവുമാക്കാം. ഈ നടപടികള്‍ ചൈനയെ കാര്യമായി ബാധിച്ചേക്കില്ലെങ്കിലും വലിയ പ്രഹരങ്ങള്‍ നല്‍കുന്നതിനു മുമ്പുള്ള ഒരു ചെറിയ അടിയായി ഇതിനെ കണ്ടാല്‍ മതിയെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്.