
ന്യൂഡല്‍ഹി: ചൈന, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതും ഒട്ടേറെ വ്യവസായങ്ങള്‍ ഉപയോഗിക്കുന്നതുമായ ചില വിഭാഗം റബറിന് (അക്രിലോനൈട്രൈല്‍ ബുട്ടഡീന്‍ റബര്‍) ഇന്ത്യ അധികത്തീരുവ ചുമത്തിയേക്കും. ഇത്തരം റബര്‍ അമിതമായി ഇറക്കുമതി ചെയ്യുന്നതായുള്ള ആഭ്യന്തര റബര്‍ വ്യവസായ മേഖലയുടെ പരാതിയെ തുടര്‍ന്നാണിത്. പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രേഡ് റെമഡീസ്(ഡിജിടിആര്‍) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എണ്ണ, ഘര്‍ഷണം, ചൂട് എന്നിവയെ പ്രതിരോധിക്കുന്ന റബര്‍ ഉല്‍പന്നങ്ങളായ ഓയില്‍ സീല്‍, ഹോസുകള്‍, ഗാസ്‌കെറ്റ്‌സ്, മില്ലുകളില്‍ ഉപയോഗിക്കുന്ന റോളുകള്‍, പ്രിന്ററുകള്‍, ചിലയിനം തുണികള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനാണ് ഇത്തരം റബര്‍ ഉപയോഗിക്കുന്നത്.