
ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ഇന്ത്യന്‍ വിപണി മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ മാന്ദ്യം നേരിടുമെന്നാണ് ഡണ്‍ ആന്റ് ബ്രാഡ്സ്ട്രീറ്റ്‌സിന്റെ ഏറ്റവും പുതിയ സാമ്പത്തിക നിരീക്ഷണം സൂചിപ്പിക്കുന്നത്.
ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനെയും കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ പ്രാവര്‍ത്തികമാക്കുന്നതിനെയും ആശ്രയിച്ചിരിക്കും സമ്പദ് വ്യവസ്ഥയുടെ ഭാവിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. റിസര്‍വ് ബാങ്കിന്റെ നടപടികളും സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജമേകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ളതാണ്. എന്നാല്‍, വിതരണം വിപണിയിലെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി മാത്രമേ നടക്കൂ എന്ന് ഡണ്‍ ആന്റ് ബ്രാഡ്സ്ട്രീറ്റ്‌സിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധന്‍ അരുണ്‍ സിങ് പറഞ്ഞു. ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ തൊഴിലില്ലായ്മ വര്‍ധിക്കും. ജനത്തിന്റെ പക്കല്‍ പണമില്ലാത്ത നിലയിലേക്ക് കാര്യങ്ങള്‍ പോകും. അതോടെ കൂടുതല്‍ ബുദ്ധിമുട്ടും. രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുമെന്നും റിപ്പോര്‍ട്ട് പറയുന്നു.