ഇന്ത്യ വലിയ വരുമാന പ്രതിസന്ധിയിലേക്ക് നീങ്ങുന്നു; മുന്നറിയിപ്പുമായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍

May 13, 2021 |
|
News

                  ഇന്ത്യ വലിയ വരുമാന പ്രതിസന്ധിയിലേക്ക് നീങ്ങുന്നു; മുന്നറിയിപ്പുമായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍

ന്യൂഡല്‍ഹി: ഇന്ത്യ വലിയ വരുമാന പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീന്‍ ഡ്രെസെ. ഇന്ത്യയിലെ തൊഴിലെടുക്കുന്ന വിഭാഗം വരുമാനം മാര്‍ഗം ഇടിഞ്ഞ് പ്രതിസന്ധിയിലാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. മുമ്പുള്ളത് പോലെയല്ല, ഇന്ത്യയിലെ സാഹചര്യം ഇപ്പോള്‍ കടുത്തതാണെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധി, പ്രാദേശികമായുള്ള നിയന്ത്രണങ്ങള്‍, അതില്‍ തന്നെ പലയിടത്തുമുള്ള ലോക്ഡൗണ്‍ എന്നിവ രാജ്യത്തെ അടച്ചുപൂട്ടിയ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണെന്ന് ഡ്രെസെ വ്യക്തമാക്കി.
 
ഇന്ത്യയിലെ 2024-25 വര്‍ഷത്തേക്ക് അഞ്ച് ട്രില്യണ്‍ വിപണിയാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കങ്ങള്‍ കടുപ്പമായിരിക്കുമെന്ന് ഡ്രെസെ മുന്നറിയിപ്പ് നല്‍കുന്നു. ആ ടാര്‍ഗറ്റ് ഇപ്പോഴത്തെ സാഹചര്യത്തില്‍ നേടിയെടുക്കുമെന്ന് പറയാനാവില്ല. ആഗോള ശക്തിയാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാവുമെന്ന് ഡ്രെസെ പറയുന്നു. ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗത്തോടെ സാമ്പത്തിക രംഗം പ്രതിസന്ധിയിലാണ്. ഒരു വര്‍ഷം മുമ്പ് എങ്ങനെയാണോ അതേ പോലെ തന്നെയാണ് തൊഴിലാളികള്‍ക്ക് ഇപ്പോഴത്തെ സാഹചര്യവും.

ദേശീയ ലോക്ഡൗണിന്റെ അത്ര പ്രതിസന്ധി പ്രാദേശിക ലോക്ഡൗണ്‍ കൊണ്ട് സമ്പദ് ഘടനയ്ക്കുണ്ടാവില്ല. പക്ഷേ ചില ഘടകങ്ങള്‍ തൊഴിലാളികളുടെ സാഹചര്യം കഴിഞ്ഞ തവണത്തേക്കാള്‍ മോശമാക്കുന്നുണ്ട്. ഇന്ത്യയില്‍ രോഗവ്യാപനം വളരെ കൂടിയ തോതിലാണ്. അതുകൊണ്ട് ഇന്ത്യയില്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ പുനരാരംഭിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. വാക്സിനേഷന്‍ ശക്തമാക്കിയാലും ഈ പ്രതിസന്ധി വര്‍ഷങ്ങളോളം നീണ്ടേക്കും. പലരുടെയും സമ്പാദ്യങ്ങള്‍ തന്നെ ഇല്ലാതായിരിക്കുകയാണ്. തൊഴിലാളികള്‍ കടക്കാരായി മാറിയിരിക്കുകയാണെന്നും ഡ്രെസെ പറഞ്ഞു.

ഒരുവര്‍ഷം മുമ്പ് കടം വാങ്ങിയവര്‍ ആ കടം വീട്ടാത്തത് കൊണ്ട് ഇത്തവണ കടം വാങ്ങാനാവാത്ത സാഹചര്യത്തിലേക്ക് വീഴും. കഴിഞ്ഞ തവണ പ്രധാനമന്ത്രി കൊവിഡ് ദുരിതാശ്വാസ പാക്കേജുണ്ടായിരുന്നു. ഇത്തവണ അത്തരമൊരു കാര്യം പോലും ചര്‍ച്ച ചെയ്യുന്നില്ല. ദേശീയ ലോക്ഡൗണ്‍ കടന്നുവരാനുള്ള സാധ്യത പോലും ഇന്ത്യയിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധിയില്ലെന്നാണ് പറഞ്ഞിരുന്നത്. സമൂഹ വ്യാപനം ഇല്ലെന്ന് ഒരുപാട് കാലം പറഞ്ഞു. എന്നാല്‍ ഇത് ഉണ്ടെന്ന് തെല്‍യിക്കപ്പെട്ടു. സര്‍ക്കാര്‍ ഒരു പ്രശ്നവും ഇല്ലെന്ന് പറയുന്നത് പ്രതിസന്ധി രൂക്ഷമാക്കി കൊണ്ടിരിക്കുകയാണെന്നും ഡ്രെസെ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved