ഇന്ത്യ 5 ട്രില്യണ്‍ മൂല്യമെന്ന സ്വപ്‌നത്തില്‍; യാഥാര്‍ത്ഥ്യമാകാന്‍ വേണ്ടത് 100 ബില്യണ്‍ വിദേശ നിക്ഷേപം

August 11, 2021 |
|
News

                  ഇന്ത്യ 5 ട്രില്യണ്‍ മൂല്യമെന്ന സ്വപ്‌നത്തില്‍;  യാഥാര്‍ത്ഥ്യമാകാന്‍ വേണ്ടത് 100 ബില്യണ്‍ വിദേശ നിക്ഷേപം

ന്യൂഡല്‍ഹി: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ അഞ്ച് ട്രില്യണ്‍ മൂല്യത്തിലേക്കെത്തിക്കാനുള്ള നരേന്ദ്ര മോദിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമെന്ന് അമേരിക്കന്‍ ബിസിനസ് അഡ്വക്കസി ഗ്രൂപ്പ്. കൊവിഡിന്റെ സാഹചര്യത്തില്‍ ഇത് സാധ്യമാകുമോ എന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ പോലും സംശയിച്ചിരുന്ന സാഹചര്യത്തിലാണ് ഇത്. ഇന്ത്യക്ക് വര്‍ഷം 100 ബില്യണ്‍ വിദേശ നിക്ഷേപം ഉണ്ടായാല്‍ അഞ്ച് ട്രില്യണ്‍ ഇക്കോണമിയിലേക്ക് എത്താന്‍ സാധിക്കുമെന്ന് ബിസിനസ് ഗ്രൂപ്പ് പറയുന്നു. നിലവില്‍ പുതിയ കമ്പനികളെ ആകര്‍ഷിക്കാനായി നയങ്ങളില്‍ ഇളവ് വരുത്തുന്നുണ്ട് ഇന്ത്യ.
 
യുഎസ്സില്‍ നിന്ന് ടെസ്ല അടക്കമുള്ള കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നുണ്ട്. ഇത് വര്‍ധിപ്പിക്കാന്‍ നികുതി ഇളവുകള്‍ അടക്കം പരിഗണനയിലുമുണ്ട്. കൂടുതല്‍ നിക്ഷേപകര്‍ അതിലൂടെ എത്തിയാല്‍ അഞ്ച് ട്രില്യണ്‍ ഇക്കോണമി സാധ്യമായേക്കും. നിലവില്‍ ഇന്ത്യയില്‍ കാര്‍ വിപണി മാത്രമാണ് ശക്തമായിട്ടുള്ളത്. കൊവിഡ് രണ്ടാം തരംഗം വന്ന ശേഷം ഇതുവരെ വിപണി പഴയ രീതിയിലേക്ക് എത്തിയിട്ടില്ല. അതോടൊപ്പം പണപ്പെരുപ്പവും വിലക്കയറ്റവും സാധാരണക്കാരെ ബാധിക്കുന്നുമുണ്ട്. അതുകൊണ്ട് വിപണിയില്‍ ചെലവിടലും കൂടുതലാണ്. ആദ്യം ഇക്കോണമിയെ ശക്തമാക്കിയ ശേഷം നിക്ഷേപത്തെ സ്വാഗതം ചെയ്യലാവും സര്‍ക്കാരിന്റെ പ്ലാന്‍.

നിലവില്‍ 2.7 ട്രില്യണാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ. ഇത് അഞ്ച് ട്രില്യണിലേക്ക് എത്തണമെങ്കില്‍ ഭൂരിഭാഗം വരുന്ന വിദേശ നിക്ഷേപവും യുഎസ്സില്‍ നിന്ന് തന്നെയാണ് വരേണ്ടതെന്ന് ബിസിനസ് ഗ്രൂപ്പ് പറയുന്നു. നൂറ് മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് വളര്‍ച്ചയെ സ്വാധീനിക്കാന്‍ ഇന്ത്യക്ക് വേണ്ടതെന്ന് യുഎസ്-ഇന്ത്യ സഹകരണ ഫോറം പ്രസിഡന്റ് മുകേഷ് അഗി പറയുന്നു. ഇതില്‍ ഭൂരിഭാഗവും അമേരിക്കയില്‍ നിന്ന് വരുമെന്നും മുകേഷ് പറയുന്നു. വിദേശ നിക്ഷേപം ലഭിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ഇന്ത്യ ചെയ്യണം. അതിനായി സാങ്കേതിവിദ്യകളെല്ലാം സജ്ജമാക്കണമെന്നും മുകേഷ് നിര്‍ദേശിച്ചു.

വാക്സിനേഷന്‍ പോളിസിയില്‍ ഇന്ത്യയുമായി ചേര്‍ന്ന് പോകാനാണ് യുഎസ് ശ്രമിക്കേണ്ടത്. ഇന്ത്യന്‍ ഫാക്ടറികള്‍ യുഎസ് വാക്സിനുകള്‍ നിര്‍മിക്കാന്‍ ശ്രമിക്കണം. എല്ലായിടത്തേക്കും ഇത് എത്തിക്കാനും ഇന്ത്യക്ക് സാധിക്കും. ലോകത്ത് ഏത് രാജ്യം ഉണ്ടാക്കുന്നതിനേക്കാളും വിലക്കുറവില്‍ ഈ വാക്സിനുകള്‍ നിര്‍മിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നും മുകേഷ് പറയുന്നു. യുഎസ്-ഇന്ത്യ സഹകരണ ഫോറം നാല് വര്‍ഷം മുമ്പ് അമേരിക്കന്‍ കോര്‍പ്പറേറ്റ് നേതാക്കളാണ് രൂപീകരിച്ചത്. മുകേഷ് അഗിയും അതില്‍ അംഗമായിരുന്നു. യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഇത്തരമൊരു സംഘടന വരുന്നത്.

ഇന്ത്യ കേന്ദ്രീകൃതമായ അഡ്വക്കസി ഗ്രൂപ്പായി ഈ സംഘടന പെട്ടെന്ന് വളരുകയായിരുന്നു. അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഇവരുടെ സഹായങ്ങളും ഉപദേശവുമാണ് തേടാറുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ഇന്ത്യയിലെ അമേരിക്കയിലെയും പ്രമുഖ നേതാക്കള്‍ക്ക് ആതിഥ്യമരുളിയിട്ടുണ്ട് ഈ ഗ്രൂപ്പ്. ഇന്ത്യക്കും അമേരിക്കയ്ക്കും ഇടയില്‍ പാലമായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഇന്ത്യയും അമേരിക്കയും തമ്മില്‍ പോസിറ്റീവായ ബന്ധം ഇനിയും തുടരുമെന്ന് മുകേഷ് പറയുന്നു. ഇപ്പോള്‍ തന്നെ നാല്‍പത് ലക്ഷത്തില്‍ അധികം ഇന്ത്യക്കാര്‍ യുഎസ്സിലുണ്ട്. ഒരുപാട് പേര്‍ക്ക് ഇനിയും ജോലി ലഭിക്കുമെന്ന് മുകേഷ് വ്യക്തമാക്കി.

Related Articles

© 2025 Financial Views. All Rights Reserved