2030 ആകുമ്പോഴേക്കും രാജ്യം സൃഷ്ടിക്കേണ്ടത് 9 കോടി കാര്‍ഷികേതര തൊഴിലവസരങ്ങള്‍

August 28, 2020 |
|
News

                  2030 ആകുമ്പോഴേക്കും രാജ്യം സൃഷ്ടിക്കേണ്ടത് 9 കോടി കാര്‍ഷികേതര തൊഴിലവസരങ്ങള്‍

പുതിയ തൊഴിലാളികളെ ഉള്‍ക്കൊള്ളുന്നതിനായി 2030 ആകുമ്പോഴേക്കും രാജ്യം സൃഷ്ടിക്കേണ്ടത് ഒന്‍പത് കോടി കാര്‍ഷികേതര തൊഴിലവസരങ്ങളെന്ന് പഠന റിപ്പോര്‍ട്ട്. ഇതിനു പുറമേ കാര്‍ഷിക മേഖലയില്‍ നിന്ന് കൂടുതല്‍ ഉല്‍പ്പാദന പരമായ കാര്‍ഷികേതര മേഖലയിലേക്ക് കടന്നു വരുന്ന മൂന്നു കോടി പേരെ കൂടി ഉള്‍ക്കൊള്ളേണ്ടി വരുമെന്നും മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരത്തില്‍ തൊഴിലവസരം സൃഷ്ടിക്കണമെങ്കില്‍ 2023 മുതല്‍ എട്ടുവര്‍ഷം ഓരോ വര്‍ഷവും 1.2 കോടി കാര്‍ഷികേതര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതു വരെ ഓരോ വര്‍ഷം സൃഷ്ടിക്കപ്പെട്ട പ്രതിവര്‍ഷം 40 ലക്ഷം തൊഴിലവസരങ്ങള്‍ എന്നതില്‍ നിന്ന് മൂന്നിരട്ടി വളര്‍ച്ച നേടേണ്ടതുണ്ട്. ഉല്‍പ്പാദനശേഷി വളര്‍ത്തുവാനും തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കുവാനും മൊത്ത ആഭ്യന്തര ഉല്‍പ്പാദനം എട്ടു മുതല്‍ 8.5 ശതമാനം വരെയായിരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കോവിഡിന് മുമ്പു തന്നെ ഇന്ത്യന്‍ സമ്പദ് മേഖല ഘടനാപരമായ വെല്ലുവിളികള്‍ നേരിടുന്നുണ്ടായിരുന്നു. ഇതേതുടര്‍ന്ന് 2020 സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 4.2 ശതമാനമായി താഴുകയും ചെയ്തു. പുതിയ തൊഴില്‍ സൃഷ്ടിക്കുന്നതിനും സാമ്പത്തിക രംഗം സജീവമാക്കുന്നതിനും ഇത് തടസ്സമായി മാറിയേക്കും എന്നും ആശങ്കയുണ്ട്. വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികളുടെ അഭാവത്തില്‍ ആളുകളുടെ വരുമാനം കൂടാനും ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിനുമുള്ള ശ്രമം ഫലവത്താകാതെ പോകാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മികച്ച നടപടികള്‍ ഉണ്ടായാല്‍ 1.1 കോടി തൊഴിലവസരങ്ങള്‍ മാനുഫാക്ചറിംഗ് മേഖലയിലും 2.4 കോടി നിര്‍മാണ മേഖലയിലും 5.2 കോടി സേവന മേഖലയിലും സൃഷ്ടിക്കാനാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved