എയര്‍ ബബിള്‍ കരാര്‍ ഉടന്‍; 13 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കും

August 19, 2020 |
|
News

                  എയര്‍ ബബിള്‍ കരാര്‍ ഉടന്‍; 13 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കും

അന്താരാഷ്ട്ര വിമാന സര്‍വീസ് 13 രാജ്യങ്ങളിലേക്ക് പുനരാരംഭിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു.കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരസ്പര സഹകരണത്തോടെ സര്‍വീസ് നടത്താന്‍ 'എയര്‍ ബബിള്‍' കരാര്‍ നടപ്പാക്കാനാണ് തയ്യാറെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രാജ്യങ്ങള്‍ തമ്മില്‍ പരസ്പര ധാരണപ്രകാരം വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കുന്നതാണ് എയര്‍ ബബിള്‍. ഈ കരാര്‍ പ്രകാരം ധാരണയിലെത്തുന്ന രാജ്യങ്ങളിലെ വിമാന കമ്പനികള്‍ക്ക് മാത്രമേ സര്‍വീസുകള്‍ക്ക് അനുമതിയുണ്ടാകൂ. നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചാകും സര്‍വീസുകള്‍. ഇന്ത്യ ഫ്രാന്‍സും യുഎഇയുമായിട്ടാണ് ആദ്യം എയര്‍ബബിള്‍ കരാറിലേര്‍പ്പെട്ടത്. കൂടുതല്‍ രാജ്യങ്ങളുമായി സമാനമായ ക്രമീകരണം ഉടന്‍ ആരംഭിക്കുമെന്ന് ഹര്‍ദീപ് സിങ് പുരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന്  ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 23 മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ പ്രവാസികളെ തിരികെയെത്തിക്കാനുള്ള വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാന സര്‍വീസുകളേയുള്ളൂ.കോവിഡ് വ്യാപന തോത് കുറഞ്ഞതിന് പിന്നാലെയാണ് ഓസ്‌ട്രേലിയ, ഇറ്റലി, ജപ്പാന്‍, ന്യൂസിലാന്റ്, നൈജീരിയ, ബഹ്‌റൈന്‍, ഇസ്രായേല്‍, കെനിയ, ഫിലിപ്പിന്‍സ്, റഷ്യ, സിംഗപ്പൂര്‍, സൗത്ത് കൊറിയ, തായ്‌ലാന്റ് എന്നീ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന കാര്യം പരിഗണിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved