
ന്യൂഡല്‍ഹി: ഇ-ലേണിംഗ്, റിമോട്ട് വര്‍ക്കിംഗ് എന്നിവയില്‍ നിന്നുള്ള ആവശ്യകത ഉയര്‍ന്നതിനെ തുടര്‍ന്ന്, ഡെസ്‌ക്ടോപ്പുകള്‍, നോട്ട്ബുക്കുകള്‍, വര്‍ക്ക് സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ പരമ്പരാഗത പിസി മാര്‍ക്കറ്റ് 2020 നാലാം പാദത്തില്‍ 29 ലക്ഷം യൂണിറ്റുകളുടെ ചരക്കുനീക്കം രേഖപ്പെടുത്തി. അന്താരാഷ്ട്ര ഡാറ്റാ കോര്‍പ്പറേഷന്‍ (ഐ.ഡി.സി) പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം വാര്‍ഷികാടിസ്ഥാനത്തില്‍ 27 ശതമാനം വര്‍ധനയാണ് രാജ്യത്തിന്റെ പിസി ചരക്കുനീക്കത്തില്‍ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഉണ്ടായത്.
ഡെല്‍ ടെക്‌നോളജീസ് ചരക്കുനീക്കത്തിലെ ഒന്നാം സ്ഥാനം എച്ച്പിയെ തള്ളിമാറ്റി സ്വന്തമാക്കി എന്നതും ശ്രദ്ധേയമാണ്. മുന്‍വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് 57.1 ശതമാനം വര്‍ധനയാണ് പിസി ചരക്കുനീക്കത്തില്‍ ഡെല്‍ സ്വന്തമാക്കിയിരിക്കുന്നത് എന്ന് ഐഡിസി വേള്‍ഡ് വൈഡ് ക്വാര്‍ട്ടര്‍ലി പേഴ്‌സണല്‍ കമ്പ്യൂട്ടിംഗ് ഡിവൈസ് ട്രാക്കറില്‍ നിന്നുള്ള ഡാറ്റ കാണിച്ചു. പിസി വിപണിയില്‍ നോട്ട്ബുക്കുകള്‍ 62.1 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് വാര്‍ഷികാടിസ്ഥാനത്തില്‍ നേടിയത്. ഈ പാദത്തിലെ മൊത്തം പിസി ചരക്കുനീക്കത്തിന്റെ നാലില്‍ മൂന്നു ഭാഗവും ഈ വിഭാഗത്തില്‍ നിന്നാണ്.
ആവശ്യകതയിലെ വര്‍ധന ഉപഭോക്തൃ, എന്റര്‍പ്രൈസ് വിഭാഗങ്ങളില്‍ യഥാക്രമം 74.1 ശതമാനവും 14.1 ശതമാനവും വാര്‍ഷിക വളര്‍ച്ച സൃഷ്ടിച്ചു. 7.9 ദശലക്ഷം യൂണിറ്റിന്റെ ചരക്കുനീക്കത്തോടെ നോട്ട്ബുക്കുകളുടെ ഏറ്റവും വലിയ ഒരു വര്‍ഷമായി 2020 മാറിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഘടക ഭാഗങ്ങളുടെ അപര്യാപ്തത പിസി വ്യവസായം നേരിട്ടില്ലായിരുന്നു എങ്കില്‍, നോട്ട്ബുക്ക് ചരക്കുനീക്കം ഇതിലും ഏറെ ഉയരത്തില്‍ ആകുമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
നാലാം പാദത്തില്‍ ഡെല്‍ ടെക്‌നോളജീസ് 57.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഇന്ത്യ പിസി വിപണിയില്‍ 27.5 ശതമാനം ഓഹരി കൈവശപ്പെടുത്തി. 32.7 ശതമാനം ഓഹരിയുമായി വാണിജ്യ വിഭാഗത്തിലും ഡെല്‍ മുന്നിലെത്തി. 15.2 ശതമാനം വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ ഉണ്ടായത്. ഡെല്ലിന്റെ ഉപഭോക്തൃ ചരക്കുനീക്കം 159.1 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. രാജ്യത്ത് ഈ വിഭാഗത്തിലെ രണ്ടാം സ്ഥാനത്തെത്തി.
26.7 ശതമാനം വിഹിതവുമായി എച്ച്പി പിസി വിപണിയില്‍ രണ്ടാം സ്ഥാനം നേടി. നാലാം പാദത്തില്‍ 8.8 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് എച്ച്പി ഇന്ത്യന്‍ വിപണിയില്‍ നേടിയത്. 2020ലെ മറ്റെല്ലാ പാദങ്ങളിലും എച്ച്പി ആയിരുന്നു ഒന്നാം സ്ഥാനത്ത്. മൂന്നാം പാദത്തിലെ 21.7 ശതമാനത്തില്‍ നിന്ന് ലെനോവോയുടെ വിപണി വിഹിതം 18.4 ശതമാനമായി കുറഞ്ഞു.