രാജ്യത്തെ പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാന്‍ നീക്കം; പൊതുമേഖല ബാങ്കുകളുടെ എണ്ണം 12 ല്‍ നിന്ന് 5 ആക്കുന്നു

July 21, 2020 |
|
News

                  രാജ്യത്തെ പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാന്‍ നീക്കം; പൊതുമേഖല ബാങ്കുകളുടെ എണ്ണം 12 ല്‍ നിന്ന് 5 ആക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ല്‍ നിന്ന് അഞ്ചാക്കി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പകുതിയോളം പൊതുമേഖലാ ബാങ്കുകളും സ്വകാര്യവത്കരിക്കാനാണ് ആലോചന. ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് ആന്റ് സിന്ത് ബാങ്ക് എന്നിവയില്‍ ഭൂരിഭാഗം ഓഹരികളും സ്വകാര്യവത്കരിക്കും.

രാജ്യത്ത് 4-5 പൊതുമേഖലാ ബാങ്കുകള്‍ മാത്രമായി നിജപ്പെടുത്താനാണിത്. നിലവില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആണ്. ഇതിന്റെ പദ്ധതി രൂപകല്‍പ്പന നടക്കുകയാണെന്നും പിന്നീട് കേന്ദ്ര മന്ത്രിസഭയുടെ അനുമതിക്കായി സമര്‍പ്പിക്കുമെന്നുമാണ് വിവരം. എന്നാല്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം ഈ റിപ്പോര്‍ട്ടിനോട് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

സ്വകാര്യവത്കരണത്തിലൂടെ ധനസമാഹരണത്തിനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ നിരവധി കമ്മിറ്റികളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വില്‍പ്പന വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇനി പൊതുമേഖലാ ബാങ്കുകള്‍ തമ്മില്‍ ലയിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഈ സാഹചര്യത്തില്‍ ഓഹരി വിറ്റഴിക്കല്‍ മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള വഴി. കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പത്ത് പൊതുമേഖലാ ബാങ്കുകളെ തമ്മില്‍ ലയിപ്പിച്ച് നാലെണ്ണമാക്കി കുറച്ചിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved