ആന്‍ഡ്രിക്‌സ്-ദേവാസ് കേസ്: ഇന്ത്യയുടെ വിദേശ ആസ്തികള്‍ കണ്ടുകെട്ടാതിരിക്കാന്‍ സുപ്രീംകോടതി വിധി ഉപയോഗപ്പെടുത്തും

January 19, 2022 |
|
News

                  ആന്‍ഡ്രിക്‌സ്-ദേവാസ് കേസ്: ഇന്ത്യയുടെ വിദേശ ആസ്തികള്‍ കണ്ടുകെട്ടാതിരിക്കാന്‍ സുപ്രീംകോടതി വിധി ഉപയോഗപ്പെടുത്തും

ന്യൂഡല്‍ഹി: 2005ലെ ആന്‍ഡ്രിക്‌സ്-ദേവാസ് ഉപഗ്രഹ കരാറില്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധി ഉപയോഗപ്പെടുത്തി ഇന്ത്യയുടെ വിദേശ ആസ്തികള്‍ കണ്ടുകെട്ടാതിരിക്കാന്‍ ശ്രമിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ഡ്രിക്‌സും ബംഗളുരുവിലെ സ്റ്റാര്‍ട് അപ് സംരംഭമായ ദേവാസ് മള്‍ട്ടി മീഡിയയും തമ്മില്‍ മന്ത്രിസഭയുടെ അനുമതി കൂടാതെ 2005ല്‍ ഉണ്ടാക്കിയ കരാറിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ദേവാസ് പൂട്ടാനുള്ള നിര്‍ദേശം സുപ്രീംകോടതി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു.

കരാറില്‍ ക്രമക്കേടുണ്ടെന്ന സുപ്രീംകോടതി പരാമര്‍ശം വിദേശ ആസ്തികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരം ദുരുപയോഗിച്ചതിന് തെളിവാണ് ആന്‍ഡ്രിക്‌സ്-ദേവാസ് ഉപഗ്രഹ കരാറെന്നും മന്ത്രി ആരോപിച്ചു.  ആറു വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ കരാര്‍ റദ്ദാക്കിയതു മൂലം 1.2 ബില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാരം കിട്ടണമെന്ന് ആവശ്യപ്പെട്ട് ദേവാസ് അന്താരാഷ്ട്ര കോടതികളെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്ക് പാരിസിലും കാനഡയിലുമുള്ള ചില ആസ്തികള്‍ കണ്ടുകെട്ടാന്‍ ഇതേതുടര്‍ന്ന് നീക്കം നടക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് കരാര്‍ റദ്ദാക്കിയതെന്ന വശം അന്താരാഷ്ട്ര വേദികളില്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.

ആന്‍ഡ്രിക്‌സും ദേവാസുമായി ഒരു പതിറ്റാണ്ടു നീണ്ട നിയമയുദ്ധം തിങ്കളാഴ്ച സുപ്രീംകോടതി വിധിയിലൂടെയാണ് അവസാനിച്ചത്. ദേവാസ് മള്‍ട്ടി മീഡിയ പൂട്ടാനാണ് നിര്‍ദേശം. ഒളിപ്പിച്ചുവെക്കാനോ തള്ളിക്കളയാനോ കഴിയാത്തത്ര വലിയ ക്രമക്കേടാണ് ഈ ഇടപാടിലുള്ളതെന്ന് കോടതി പറഞ്ഞു. ദേവാസ് മള്‍ട്ടി മീഡിയ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളുകയും ചെയ്തു.

രണ്ട് ഉപഗ്രഹങ്ങള്‍ ആന്‍ഡ്രിക്‌സ് നിര്‍മിച്ച് വിക്ഷേപിക്കുന്നതിലും അതിലെ 90 ശതമാനം ട്രാന്‍സ്‌പോണ്ടര്‍ ശേഷി ദേവാസിന് പാട്ടത്തിന് നല്‍കുന്നതിനുമായിരുന്നു 2005ലെ കരാര്‍. സുരക്ഷ ഏജന്‍സികളും സര്‍ക്കാറിന്റെ ടെലികോം കമ്പനികളും മാത്രം ഉപയോഗിക്കേണ്ട 1000 കോടി രൂപയുടെ 70 മെഗാഹെട്‌സ് എസ്-ബാന്റ് സ്‌പെക്ട്രവും ഈ കരാറില്‍ ഉള്‍പ്പെട്ടിരുന്നു. സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യു.പി.എ സര്‍ക്കാര്‍ പിന്നീട് കരാര്‍ റദ്ദാക്കിയത്. ദേവാസിന് 578 കോടി രൂപയുടെ നേട്ടമുണ്ടാക്കാന്‍ ഒത്താശ ചെയ്തുവെന്ന് ആരോപിച്ച് 2016ല്‍ ഐഎസ്ആര്‍ഒ മുന്‍മേധാവി ജി മാധവന്‍ നായര്‍ക്കും മറ്റുമെതിരെ സിബിഐ കേസെടുക്കുകയും ചെയ്തു.

ദേവാസിന്റെ വിദേശ നിക്ഷേപകര്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. ആന്‍ഡ്രിക്‌സ് 120 കോടി ഡോളര്‍ ദേവാസിന് നല്‍കണമെന്ന അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ ഉത്തരവ് യുഎസ് കോടതി ശരിവെച്ചു. ഈ വിധി നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞു. ദേവാസിനെതിരായ കേസ് അവസാനിപ്പിക്കാന്‍ ആന്‍ഡ്രിക്‌സിന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ദേവാസ് മള്‍ട്ടി മീഡിയ അടച്ചുപൂട്ടാനുള്ള ഉത്തരവ് ദേശീയ കമ്പനി നിയമ അപലേറ്റ് ട്രൈബ്യൂണല്‍ ശരിവെച്ചത് തിങ്കളാഴ്ചത്തെ വിധിയില്‍ സുപ്രീംകോടതി അംഗീകരിച്ചു.

Related Articles

© 2025 Financial Views. All Rights Reserved