ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ ടെസ്ലയ്ക്ക് ആനുകൂല്യങ്ങളുടെ പെരുമഴ

March 04, 2021 |
|
News

                  ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ ടെസ്ലയ്ക്ക് ആനുകൂല്യങ്ങളുടെ പെരുമഴ

മുംബൈ: ലോക പ്രശസ്തമായ ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുകയാണെങ്കില്‍ വലിയ തോതിലുള്ള ആനുകൂല്യങ്ങള്‍ ടെസ്ലയ്ക്ക് ലഭിക്കും. സംരംഭക ഇതിഹാസം ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിക്ക് നിലവില്‍ ചൈനീസ് പ്രവര്‍ത്തനങ്ങള്‍ക്ക് വരുന്ന ചെലവിനേക്കാളും കുറവായിരിക്കും ഇന്ത്യയിലേതെന്നാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ വാഗ്ദാനം. ഇത് സംബന്ധിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ടെസ്ലയ്ക്ക് സര്‍ക്കാര്‍ ഇത്തരമൊരു വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ടെസ്ലയ്ക്ക് പലവിധ ആനുകൂല്യങ്ങള്‍ നല്‍കാന്‍ റെഡിയാണെന്നാണ് നിതിന്‍ ഗഡ്ക്കരി പറഞ്ഞത്. ജനുവരി എട്ടിനാണ് ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബംഗളൂരുവില്‍ ഗവേഷണ വികസന കേന്ദ്രമുള്‍പ്പടെ ടെസ്ലയുടെ ഓഫീസ് റെജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറിലാണ് ടെസ്ല ഇന്ത്യയിലെത്തുമെന്ന് ഇലോണ്‍ മസ്‌ക്ക് സ്ഥിരീകരിച്ചത്. ഇക്കാര്യം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു.

2021 ആദ്യം ഇന്ത്യയില്‍ കാറുകള്‍ നിര്‍മിക്കാനും അസംബിള്‍ ചെയ്യാനും ടെസ്ല ഒരുങ്ങിക്കഴിഞ്ഞതായി ഗഡ്ക്കരി പറഞ്ഞിരുന്നു. ഏറെ വര്‍ഷങ്ങളായി ടെസ്ലയുടെ എന്‍ട്രിക്കായി ഓട്ടോപ്രേമികള്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയിലെ നിയന്ത്രണസംവിധാനങ്ങളില്‍ അതൃപ്തി അറിയിച്ചുള്ള മസ്‌ക്കിന്റെ നിലപാടാണ് അവരെ നിരാശയിലാഴ്ത്തിയത്. ഓഫീസ് റെജിസ്റ്റര്‍ ചെയ്‌തെങ്കിലും ടെസ്ലയുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കും എന്നുള്ള കാര്യങ്ങള്‍ വ്യക്തമല്ല. കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്, ഇറക്കുമതി ചെയ്ത ശേഷം ഇവിടെ കാര്‍ വില്‍ക്കുകയായിരിക്കും എന്നാണ്.   
എന്നാല്‍ മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് തദ്ദേശീയമായി തന്നെ കാറുകളുടെ നിര്‍മാണം ടെസ്ല നടത്തട്ടെയെന്നാണ്. ഇന്ത്യയില്‍ കാറുകള്‍ അസംബിള്‍ ചെയ്യുന്നതിനേക്കാളും അവര്‍ ഫോക്കസ് ചെയ്യേണ്ടത് പ്രാദേശികമായി നിര്‍മാണം പ്രോല്‍സാഹിപ്പിക്കാനാണ്. കാറും കാറുമായി ബന്ധപ്പെട്ട സകല ഘടകങ്ങളും അങ്ങനെ വരുമ്പോള്‍ ചൈനയിലേതിനേക്കാളും വളരെ കുറച്ച് പ്രൊഡക്ഷന്‍ കോസ്റ്റ് മാത്രമേ ടെസ്ലയ്ക്ക് ഇന്ത്യയില്‍ വരുകയുള്ളൂ. ലോകത്ത് മറ്റ് ഏത് രാജ്യവുമായി താരതമ്യം ചെയ്യുമ്പോഴും ടെസ്ലയുടെ പ്രവര്‍ത്തന ചെലവ് ഇന്ത്യയില്‍ ഏറ്റവും കുറവായിരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തും-മന്ത്രി വ്യക്തമാക്കി.

ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണം പരമാവധി പ്രോല്‍സാഹിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ബാറ്ററികളും മറ്റ് ഘടകങ്ങളുമെല്ലാം രാജ്യത്തിനുള്ളില്‍ തന്നെ നിര്‍മിക്കുന്നതിലൂടെ ഇറക്കുമതി പരമാവധി കുറയ്ക്കാനും തത്ഫലം വായുമലിനീകരണം ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കുമെന്ന് കരുതുന്നു-അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യയില്‍ ഇപ്പോഴും ഇലക്ട്രിക് കാര്‍ വ്യവസായം ശൈശവ ദശയിലായതിനാല്‍ ടെസ്ലയില്‍ നിന്ന് തദ്ദേശീയ കാര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അത്ര പോസിറ്റീവായ നിലപാട് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. കഴിഞ്ഞ വര്‍ഷം വിറ്റുപോയ 2.4 ദശലക്ഷം കാറുകളില്‍ കേവലം 5,000ത്തിന് മുകളില്‍ മാത്രമാണ് ഇലക്ട്രിക് അധിഷ്ഠിതമായത്. ചാര്‍ജിംഗ് ഇന്‍ഫ്രാ സട്രക്ചറിന്റെ അഭാവമായിരുന്നു പ്രധാന പ്രശ്‌നം. അതേസമയം ടെസ്ലയ്ക്ക് തടയിടാന്‍ ഇന്ത്യയില്‍ പല ബ്രാന്‍ഡുകളും ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കാന്‍ തയാറായി വരുന്നുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved