
ന്യൂഡല്‍ഹി: ഭരണം മാറിയതോടെ നയപരമായ പിണക്കം മറന്ന് ഇന്ത്യ മലേഷ്യയില്‍ നിന്നുള്ള ഭക്ഷ്യ എണ്ണ ഇറക്കുമതി പുനരാരംഭിച്ചു. നാല് മാസത്തെ നയതന്ത്ര ബന്ധത്തിലുണ്ടായ തര്‍ക്കമാണ് ഇന്ത്യ മറന്നത്. രാജ്യത്ത് ആഭ്യന്തര വിപണിയില്‍ ഭക്ഷ്യ എണ്ണയ്ക്ക് ആവശ്യം വര്‍ധിച്ചതും, മലേഷ്യയില്‍ എണ്ണവില ഇടിഞ്ഞതും, മലേഷ്യയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതും എല്ലാം ഇതിന് കാരണമായി.
ഇന്ത്യയുമായി ഒരു വ്യാപാര കരാറിലേക്ക് മലേഷ്യ കഴിഞ്ഞ ആഴ്ച എത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം ടണ്‍ അരിയാണ് ഇത് പ്രകാരം മലേഷ്യയിലേക്ക് കയറ്റി അയക്കുക. കഴിഞ്ഞ ആഴ്ച മാത്രം രണ്ട് ലക്ഷം ടണ്‍ അസംസ്‌കൃത പാമോയില്‍ മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയില്‍ നിന്നുള്ള കമ്പനികള്‍ തീരുമാനിച്ചു.
ഇന്ത്യ ഇറക്കുമതി നിര്‍ത്തിയതോടെ പത്ത് മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് മലേഷ്യയില്‍ പാമോയിലിന് ഉണ്ടായിരുന്നത്. ഇന്ത്യ ഇറക്കുമതി പുനരാരംഭിച്ചതോടെ വില ഉയരുകയും ചെയ്തു. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ വിമര്‍ശനം ഉന്നയിക്കുകയും പാക്ക് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തതോടെയാണ് പാമോയില്‍ ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
മലേഷ്യന്‍ പാമോയില്‍ ഇപ്പോള്‍ ടണ്ണിന് 15 ഡോളര്‍ ലാഭത്തിലാണ് ഇന്ത്യയിലെ വിതരണക്കാര്‍ക്ക് ലഭിക്കുന്നത്. മലേഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണമുണ്ടായിരുന്ന നാല് മാസം ഇന്തോനേഷ്യന്‍ കമ്പനികളാണ് ഇന്ത്യയിലെ വിതരണക്കാര്‍ ആശ്രയിച്ചിരുന്നത്. കൊവിഡ് പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെ ടണ്ണിന് അഞ്ച് ഡോളര്‍ കയറ്റുമതി തീരുവ ഇന്തോനേഷ്യ ഉയര്‍ത്തിയിരുന്നു.