24,000 കോടി രൂപയുടെ സോവറിന്‍ ഗ്രീന്‍ ബോണ്ടുമായി സര്‍ക്കാര്‍

March 16, 2022 |
|
News

                  24,000 കോടി രൂപയുടെ സോവറിന്‍ ഗ്രീന്‍ ബോണ്ടുമായി സര്‍ക്കാര്‍

രാജ്യത്തെ പുനരുപയോഗ ഊര്‍ജമേഖലയിലെ പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ 24,000 കോടി രൂപയുടെ സോവറിന്‍ ഗ്രീന്‍ ബോണ്ട് പുറത്തിറക്കിയേക്കും. ഏപ്രില്‍ ഒന്നിന് തുടങ്ങുന്ന സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിക്കുമുമ്പായി ഒന്നാം ഘട്ട വില്പനയുണ്ടാകുംമെന്നാണ് കരുതുന്നത്. ആദ്യഘട്ട വില്പനയില്‍ നിന്നുള്ള പ്രതികരണം വിലയിരുത്തിയാകും കൂടുതല്‍ ബോണ്ടുകള്‍ പുറത്തിറക്കുക.

കാര്‍ബണ്‍ രഹിത മുന്നേറ്റം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പുനരുപയോഗ ഈര്‍ജ പദ്ധതികള്‍ക്ക് ധനസഹായം ലഭ്യമാക്കാനാണ് ഹരിത ബോണ്ടുകള്‍ പുറത്തിറക്കുന്നത്. ഇതാദ്യമായാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നീക്കമുണ്ടാകുന്നത്. ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന ലോകത്തെതന്നെ മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. 2030ഓടെ പുനരുപയോഗ വൈദ്യുതി ഉത്പാദനശേഷി നാലിരട്ടിയലിധികം വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നതും അതുകൊണ്ടാണ്. സുസ്ഥിര നിക്ഷേപവര്‍ധന മുന്നില്‍ കണ്ടാണ് ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്.

ഗ്രീന്‍ എനര്‍ജി പദ്ധതി പരിഗണിച്ച് കുറഞ്ഞ ആദായം വാഗ്ദാനംചെയ്യുന്നവയാകും ബോണ്ടുകള്‍. നിലവില്‍ 10 വര്‍ഷത്തെ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍നിന്നുള്ള ആദായം 6.85ശതമാനമാണ്. അതിനേക്കാള്‍ കുറഞ്ഞ നിരക്കിലാകും ബോണ്ടുകള്‍ പുറത്തിറക്കുക. കുറഞ്ഞ ആദായമാണെങ്കിലും ഈ വിഭാഗത്തിലെ ബോണ്ടുകളോട് വിദേശനിക്ഷേപകര്‍ക്ക് ആഭിമുഖ്യമുള്ളതിനാല്‍ പരമാവധി തുക സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. രാജ്യത്തെ പുനരുപയോഗ ഊര്‍ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഫെബ്രുവരിയില്‍തന്നെ 1760 കോടി രൂപ സമാഹരിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved