
ന്യൂഡല്‍ഹി: യുഎസ്-ചൈനാ വ്യാപാര യുദ്ധത്തില്‍ ഇന്ത്യ മികച്ച നേട്ടം കൊയ്തതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ വ്യാപാര സമിതിയാണ് ഇക്കാര്യം വ്യക്തമാക്കികൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലോകത്തിലെ രണ്ട് സാമ്പത്തിക ശക്തികളായ യുഎസും-ചൈനയും പരസ്പരം ഇറക്കുമതി തീരുവ അടിച്ചേല്‍പ്പിച്ച് വ്യാപാര യുദ്ധം നടത്തിയപ്പോള്‍ ഇന്ത്യ 755 മില്യണ്‍ കയറ്റുമതി വ്യാപാരം നടത്തി നേട്ടം കൊയ്തുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ വ്യാപാര സമിതിയായ യുഎന്‍ കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡിവലപ്‌മെന്റ് (യുഎന്‍സിടിഎഡി) കണ്ടെത്തിയിട്ടുള്ളത്.
യുഎസ് ചൈനയ്ക്ക് മേല്‍ ചുമത്തിയ അധിക നികുതി ഉഭയകക്ഷി വ്യാപാരത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വ്യാപാര യുദ്ധം മൂലം ചൈനയുടെ കയറ്റുമതി വ്യാപാരത്തെയും ആഭ്യന്തര വ്യാപാരത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. അതേസമയം യുഎസ് ചൈനയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ അധിക തീരുവ മാത്രം പരിശോധിച്ചാണ് ഐക്യരാഷ്ട്ര നിരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളത്. ഇന്ത്യക്ക് പുറമെ മറ്റ് രാജ്യങ്ങള്‍ക്കും നേട്ടം കൊയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
രാസവളങ്ങള്‍, ലോഹ വസ്തുക്കള്‍, വൈദ്യുത ഉത്പ്പന്നങ്ങള്‍ എന്നിവയിലൂടെ ഇന്ത്യക്ക് 243 മില്യണ്‍ ഡോളറിന്റെ അധിക നേട്ടമുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വൈദ്യുത ഉത്പ്പന്നങ്ങളിലൂടെ ഇന്ത്യക്ക് 83 മില്യണ്‍ ഡോളറാണ് നേട്ടമുണ്ടാക്കിയത്. മറ്റ് ഇനത്തിലുള്ള കയറ്റുമതിയില്‍ 86 മില്യണ്‍ ഡോളറിന്റെ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാര്‍ഷിക ഉത്പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയുടെ കയറ്റുമതിയിലും ഇന്ത്യക്ക് വര്‍ധനവുണ്ടാക്കാന്‍ യുഎസ്-ചൈനാ വ്യാപാര യുദ്ധത്തിനിടയിലും സാധിച്ചിട്ടുണ്ട്.
തായ്‌വാന്‍, മെക്‌സികോ, യൂറോപ്യന്‍ യൂണിയന്‍ എന്നിവരും ഇന്ത്യക്ക് പുറമെ യുഎസ്-ചൈനാ വ്യാപാര യുദ്ധത്തില്‍ നേട്ടം കൊയ്തിട്ടുണ്ട്. അതേസമയം വ്യാപാര തര്‍ക്കത്തില്‍ ഇരുരാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരുരാജ്യങ്ങളുടെയും കയറ്റുമതി ഇറക്കുമതി വ്യാപാരത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.