
ന്യൂഡൽഹി: ഇന്ത്യയുടെ സേവന മേഖലയിൽ ഇടിവ് രേഖപ്പെടുത്തി. മാർച്ച് മാസത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഏഴ് വർഷത്തിലേറെയായി ബിസിനസ്സ് പ്രവർത്തനങ്ങളിൽ ഏറ്റവും ശക്തമായ വർധന രേഖപ്പെടുത്തിയ ഫെബ്രുവരി മാസത്തിന് ശേഷമാണ് ഇടിവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിന്റെ പ്രധാന കാരണം കോവിഡ് -19 വ്യാപനവുമായി ബന്ധപ്പെട്ട് വിദേശ വിപണികളിൽ ഉൾപ്പെടെ ക്ലയന്റ് ആവശ്യം കുറഞ്ഞതാണ് എന്ന് ഒരു സ്വകാര്യ സർവേ ഫലത്തിൽ പറയുന്നു.
പിഎംഐ സൂചിക ഫെബ്രുവരിയിൽ 57.5 ആയിരുന്നു. തുടർച്ചയായ അഞ്ച് മാസത്തേക്ക് ഉയർന്നതിന് ശേഷം മാർച്ചിലേത് 49.3 ആയി കുറഞ്ഞു എന്ന് ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ ഐഎച്ച്എസ് മാർക്കിറ്റ് നടത്തിയ സർവേ പറയുന്നു. പിഎംഐ സൂചിക 50 ന് മുകളിലുള്ള കണക്ക് വർധനവിനെ സൂചിപ്പിക്കുന്നു. 50 ന് താഴെ ഇടിവിനെയാണ് സൂചിപ്പിക്കുന്നത്. അതേസമയം കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ മാർച്ചിലെ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജർ സൂചിക (പിഎംഐ) അനുസരിച്ച് ഫെബ്രുവരിയിലെ 54.5 ൽ നിന്ന് നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 51.8 ആയി കുറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ സേവന കമ്പനികൾ അവരുടെ തൊഴിൽ ശക്തി കുറച്ചുകൊണ്ട് അതിനെ നേരിടുന്നതായി അനലിറ്റിക്സ് സ്ഥാപനം അറിയിച്ചു. വിദേശ വിപണികളിലെ മോശം അവസ്ഥയാണ് 2014 സെപ്റ്റംബറിൽ കയറ്റുമതിയ്ക്ക് ശേഷം വിദേശ ഡിമാൻഡ് കുത്തനെ കുറയാൻ കാരണമായത്. കൊറോണ വൈറസ് ആഗോള തലത്തിൽ തന്നെ പ്രതികൂലമായി ബാധിച്ചതിനാൽ വിദേശത്ത് നിന്ന് പുതിയ ജോലികൾ ലഭ്യമാക്കുന്നതിനുള്ള കമ്പനികളുടെ കഴിവിനെ ദൂരവ്യാപകമായി സ്വാധീനിച്ചുവെന്നും റിപ്പോർട്ട് പറയുന്നു.
കോവിഡ് -19 ആഘാതം ഇന്ത്യയുടെ സേവന സമ്പദ്‌വ്യവസ്ഥയിൽ എങ്ങനെ പ്രതിഫലിച്ചുവെന്ന് ഇതുവരെ പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഐഎച്ച്‌എസ് മാർക്കിറ്റിലെ സാമ്പത്തിക വിദഗ്ധൻ ജോ ഹെയ്സ് പറഞ്ഞു. മാർച്ചിലെ പിഎംഐ വിവരങ്ങൾ കാണിക്കുന്നത് ബിസിനസ്സ് പ്രവർത്തനം നേരിയ തോതിൽ കുറയുന്നു എന്നാണ്. എന്നിരുന്നാലും, പ്രധാനമന്ത്രി മോദി രാജ്യം പൂർണമായും പൂട്ടിയിടാൻ ഉത്തരവിട്ടപ്പോൾ സർവേ വിവരശേഖരണം (മാർച്ച് 12-27) സമാപിക്കുകയായിരുന്നു. ലോകത്തെല്ലായിടത്തും കണ്ടതുപോലെ രാജ്യവ്യാപകമായി സ്റ്റോർ അടച്ചുപൂട്ടലും വീട് വിടുന്നതിനുള്ള വിലക്കും സേവന സമ്പദ്‌വ്യവസ്ഥയെ വളരെയധികം ബാധിക്കുമെന്നതിനാൽ സ്ഥിതി കൂടുതൽ മോശമാണ്. ലോക്ക്ഡൗൺ ഉണ്ടാക്കുന്ന സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ ഇപ്പോൾ സർക്കാർ സമ്മർദ്ദത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവർത്തനച്ചെലവ് കർശനമായി ചുരുക്കുന്നതിന് കമ്പനികൾ തൊഴിലാളികളുടെ എണ്ണം കുറച്ചതിനാൽ ഇന്ത്യൻ സേവന മേഖലയിലുടനീളമുള്ള തൊഴിൽ നിലവാരം കുറഞ്ഞു. എന്നിരുന്നാലും, ഭൂരിഭാഗം കമ്പനികളും (93%) തൊഴിലാളികളുടെ എണ്ണത്തിൽ മാറ്റമൊന്നും വരുത്താത്തതിനാൽ ജോലി ഒഴിവാക്കലിന്റെ നിരക്ക് വളരെ കുറവാണെന്ന് എച്ച്ഐഎസ് മാർക്കിറ്റ് പറഞ്ഞു.