5 വര്‍ഷത്തിനകം ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിയാക്കുമെന്ന് നരേന്ദ്ര മോദി

November 23, 2020 |
|
News

                  5 വര്‍ഷത്തിനകം ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിയാക്കുമെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷി വര്‍ധിപ്പിക്കുന്നു. അഞ്ച് വര്‍ഷത്തിനകം നിലവിലുള്ളതിനേക്കാള്‍ ഇരട്ടി ശേഷി വര്‍ധനയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. നേരത്തെ എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ 10 വര്‍ഷത്തിനകം ശേഷി ഇരട്ടിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ മോദി പറയുന്നത് അഞ്ച് വര്‍ഷത്തിനകം എന്നാണ്. ഇതിന് വേണ്ട പദ്ധതികള്‍ ഒരുക്കാന്‍ തുടങ്ങിയിട്ടുണ്ട്. പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്സിറ്റി (പിഡിപിയു) ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

കൊറോണ കാരണം പ്രതിസന്ധിയിലായ സാമ്പത്തിക മേഖലയെ വീണ്ടും കരുപിടിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് രാജ്യത്ത് കൂടുതല്‍ എണ്ണ ശുദ്ധീകരിക്കുന്നതിനും സംഭരിക്കുന്നതിനുമുള്ള സൗകര്യം ഒരുക്കുമെന്ന് പ്രധാനമന്ത്രി പറയുന്നത്. 250 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരണ ശേഷിയാണ് നിലവില്‍ ഇന്ത്യക്കുള്ളത്. ഇത് 450 മുതല്‍ 500 ദശലക്ഷം ടണ്‍ വരെ എത്തിക്കാന്‍ 10 വര്‍ഷം എടുക്കുമെന്നാണ് എണ്ണ വകുപ്പ് മന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ ഒരു പടി കൂടി കടന്നാണ് മോദിയുടെ പ്രഖ്യാപനം.

പ്രകൃതി വാതക ഉപയോഗം ഇരട്ടിയാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. പുനരുപയോഗ ഊര്‍ജ ശേഷി 2022 ആകുമ്പോഴേക്കും 175 ജിഗാ വാട്ട്സ് എത്തിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 2030ല്‍ 450 ജിഗാവാട്ട് എത്തിക്കാനും പദ്ധതിയുണ്ടെന്നും മോദി പറഞ്ഞു. 2018 അവസാനത്തില്‍ രാജ്യത്തിന്റെ ശേഷി 75 ജിഗാവാട്ടാണ്.

മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അതിവേഗ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. മോദിയുടെ ആത്മവിശ്വാസം രാജ്യത്തിന് പ്രചോദനകമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തും ആത്മനിര്‍ഭര്‍ കാഴ്ചപ്പാട് വച്ചുപുലര്‍ത്തിയിരുന്നു മോദി. 14 വര്‍ഷത്തിനകം പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്സിറ്റി രാജ്യത്തെ ആദ്യ 25ല്‍ ഇടം പിടിച്ച സ്ഥാപനമായി ഉയര്‍ന്നു എന്നും മുക്ഷേ് അംബാനി പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved