
ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയൊരു പ്രതിരോധമേഖലയിലെ കച്ചവടത്തില്‍ ഒപ്പുവെച്ച് ഇന്ത്യ. 25000 ലക്ഷം കോടിയുടെ ഹെലികോപ്റ്റര്‍ ഇടപാടിനാണ് കരാര്‍. മുപ്പത് ഹെലികോപ്റ്ററുകളാണ് ഇത്രയും തുക ചെലവഴിച്ച് നാവികസേനയ്ക്ക് വേണ്ടി യുഎസില്‍നിന്ന് വാങ്ങുക. എംഎച്ച് 60 ആര്‍ സിഹോക്ക് ഹെലികോപ്റ്ററുകളാണ് വാങ്ങുന്നത്. ഫെബ്രുവരി 24,25 തീയതികളില്‍ ട്രംപ് മറ്റ് വ്യാപാരകരാറുകള്‍ അടക്കം ചര്‍ച്ച ചെയ്യാനായി വരുന്നതിന് മുന്നോടിയായാണ് ഈ ഇടപാടിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
വരുന്ന ആഴ്ച കേന്ദ്രമന്ത്രിസഭ തീരുമാനത്തിന് അംഗീകാരം നല്‍കും. യുഎസ് ഡിഫന്‍സ് വെപ്പണ്‍സ് പ്രൊഡക്ഷന്‍സിലെ പ്രമുഖ കമ്പനികളായ ലോക്ക്ഹീഡ് മാര്‍ട്ടിനില്‍ നിന്ന് സൈനിക ഹെലികോപ്റ്ററുകളും ദില്ലിയുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നംസാസ് മിസൈല്‍ ടെക്‌നോളജിയും ഇന്ത്യ പര്‍ച്ചേസ് ചെയ്യും. ദില്ലിയുടെ സുരക്ഷയ്ക്കായി മാത്രം നാഷനല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം 2 14000 കോടിരൂപ ചെലവിട്ടാണ് വാങ്ങുക. ട്രംപിന്റെ വരവില്‍ പ്രതിരോധമേഖലയിലും വ്യാപാര മേഖലയിലും പുതിയ കരാറുകളാണ് തയ്യാറാകുന്നത്.