
മൂല്യവര്‍ദ്ധിത വിഭാഗത്തില്‍ ഫ്ളാറ്റ് സ്റ്റീലിന്റെ ഇറക്കുമതി കുറയ്ക്കുന്നതിനുള്ള ശ്രമത്തില്‍, അലുമിനിയം, സിങ്ക് എന്നിവ പൂശിയതോ ആവരണമുള്ളതോ ആയ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ആന്റി-ഡംപിങ് പ്രഖ്യാപിച്ചു. എന്നിരുന്നാലും, ചൈന, വിയറ്റ്നാം, ദക്ഷിണ കൊറിയ എന്നിവടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ബാധകമായിരിക്കും. അഞ്ച് വര്‍ഷത്തേക്കാണ് ആന്റി ഡംപിങ് തീരുവ പ്രാബല്യത്തില്‍ വരിക.
താല്‍ക്കാലിക ആന്റി ഡംപിങ് ഏര്‍പ്പെടുത്തിയ തീയതിയായ 2019 ഒക്ടോബര്‍ 15 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും അത് ഇന്ത്യന്‍ കറന്‍സിയില്‍ നല്‍കണമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. മുകളില്‍ പറഞ്ഞ ലക്ഷ്യസ്ഥാനങ്ങളില്‍ നിന്ന് അനുബന്ധ സാധാരണ മൂല്യത്തിന് താഴെയുള്ള ഉല്‍പ്പന്നം രാജ്യത്തേക്ക് ഇറക്കുമതി ചെയ്തു, ഇത് ഡംപിങിന് കാരണമായി. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ അന്വേഷണ വിഭാഗമായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രേഡ് റെമഡീസിന്റെ (ഡിജിടിആര്‍) അന്തിമ കണ്ടെത്തലുകള്‍ക്ക് ശേഷമാണ് തീരുവ ചുമത്തിയത്.
ഇതൊരു നല്ല നീക്കമാണെന്നും കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യുന്നത് തടയുകയും ഇന്ത്യയിലേക്കുള്ള അന്യായമായ വ്യാപാരത്തെ ഇത് നിരുത്സാഹപ്പെടുത്തുകയും ചെയ്യുമെന്ന് ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ഡയറക്ടര്‍ ജയന്ത് ആചാര്യ വ്യക്തമാക്കി. ജൂണ്‍ ആദ്യത്തോടെ കേന്ദ്രം ചിലതരം ഉല്‍പ്പന്നങ്ങളുടെ ആന്റി ഡംപിങ് തീരുവ ഡിസംബര്‍ നാല് വരെ നീട്ടിയിരുന്നു. ചൈന, മലേഷ്യ, കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിലകുറഞ്ഞ ഇറക്കുമതിയില്‍ നിന്നും ആഭ്യന്തര നിര്‍മ്മാതാക്കളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നടപടി.
പ്രസ്തുത രാജ്യങ്ങളില്‍ നിന്ന് 'സ്റ്റെയിന്‍ലെസ് സ്റ്റീല്‍ 304 സീരീസിന്റെ ഹോട്ട്-റോള്‍ഡ് ഫ്ളാറ്റ് ഉല്‍പ്പന്നങ്ങള്‍' ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ ആദ്യമായി ധനകാര്യ മന്ത്രാലയം 2015 ജൂണ്‍ അഞ്ചിന് അഞ്ച് വര്‍ഷത്തേക്ക് ചുമത്തിയിരുന്നു. ടണ്ണിന് 180-316 യുഎസ് ഡോളര്‍ വരെയാണ് തീരുവ ചുമത്തിയത്. ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിനിടയിലാണ് ആന്റി ഡംപിങ് തീരുവ ചുമത്തിയതെന്നതും പ്രസക്തം. ഏതാനും ദിവസങ്ങള്‍ക്കാണ് അതിര്‍ത്തിയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത്. ഇതേത്തുടര്‍ന്ന് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.