
സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ പിന്നോട്ട്. സെപ്തംബര്‍ പത്തിന് പുറത്തിറങ്ങിയ ആഗോള സ്വതന്ത്ര സാമ്പത്തിക സൂചികയില്‍ 105 ആം സ്ഥാനത്താണ് ഇന്ത്യ തുടരുന്നത്. ഈ വര്‍ഷത്തെ പട്ടികയില്‍ 26 സ്ഥാനങ്ങള്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. കഴിഞ്ഞവര്‍ഷം 79 ആം സ്ഥാനത്തായിരുന്നു രാജ്യം.
സാമ്പത്തിക സ്വാതന്ത്ര്യം മെച്ചപ്പെടുത്താന്‍ ആഭ്യന്തര വിപണിയിലെ സുപ്രധാന മേഖലകളില്‍ പുതുതലമുറ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണ്. രാജ്യാന്തര വ്യാപാരത്തില്‍ ഇന്ത്യ കുറച്ചുകൂടി തുറന്ന സമീപനവും പാലിക്കേണ്ടതുണ്ട്, റിപ്പോര്‍ട്ട് സമര്‍പ്പിച്ച കനേഡിയന്‍ ഗവേഷണ സ്ഥാപനമായ ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
സര്‍ക്കാരിന്റെ ഇടപെടല്‍, നിയമവാഴ്ച്ച, സ്വത്തവകാശം, സ്വതന്ത്ര രാജ്യാന്തര വ്യാപാരം, വായ്പ, തൊഴില്‍, ബിസിനസ് എന്നീ ഘടകങ്ങള്‍ വിലയിരുത്തിയാണ് ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇക്കുറി മേല്‍പ്പറഞ്ഞ ഘടകങ്ങളിലെല്ലാം നാമമാത്രമായ കുറവ് ഇന്ത്യ രേഖപ്പെടുത്തി.
പട്ടികയില്‍ ഹോങ്കോങും സിംഗപ്പൂരുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. കഴിഞ്ഞവര്‍ഷത്തെ സ്വതന്ത്ര സാമ്പത്തിക സൂചികയിലും ഇവര്‍ത്തന്നെയായിരുന്നു മുന്‍പില്‍. ന്യൂസിലാന്‍ഡ്, സ്വിറ്റ്സര്‍ലണ്ട്, അമേരിക്ക, ഓസ്ട്രേലിയ, മൗറീഷ്യസ്, ജോര്‍ജിയ, കാനഡ, അയര്‍ലണ്ട് എന്നീ രാജ്യങ്ങള്‍ പട്ടികയിലെ ആദ്യ പത്തിലുണ്ട്. എന്തായാലും പട്ടിക പരിശോധിച്ചാല്‍ ഇന്ത്യയ്ക്കും താഴെ 124 ആം സ്ഥാനത്താണ് ചൈന.
മൊത്തം 162 രാജ്യങ്ങളെയാണ് സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പഠനത്തിന് വിധേയമാക്കിയത്. ഗവേഷണത്തിന്റെ ഭാഗമായി ഈ രാജ്യങ്ങളിലെ നയങ്ങളും അനുബന്ധ വിവരങ്ങളും സ്ഥാപനം വിലയിരുത്തി. ആഫ്രിക്കന്‍ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സിംബാബ്വെ, റിപ്പബ്ലിക് ഓഫ് കോംഗോ, അല്‍ജീറിയ, ഇറാന്‍, അംഗോള, ലിബിയ, സുഡാന്‍, വെനസ്വേല എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്.
ഇതേസമയം, 2018 -ലെ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയതുകൊണ്ട് ഇന്ത്യയുടെ സ്‌കോര്‍ കൃത്യമല്ലെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. രാജ്യാന്തര വ്യാപാരത്തില്‍ നിലവില്‍ വന്ന പുതിയ നിയന്ത്രണങ്ങള്‍, കിട്ടാക്കടം വര്‍ധിച്ചതു കാരണം ക്രെഡിറ്റ് വിപണി നേരിടുന്ന പ്രതിസന്ധി, കൊവിഡ് ഭീതി മൂലമുള്ള കടബാധ്യത മുതലായവ പഠനത്തില്‍ മുഖവിലയ്ക്കെടുത്തിട്ടില്ല.