
ഡല്‍ഹി: 2018 ആഗോള ജിഡിപി റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ. ബ്രിട്ടണും ഫ്രാന്‍സുമാണ് അഞ്ചും ആറും സ്ഥാനങ്ങള്‍ നേടിയിരിക്കുന്നത്. 2017ല്‍ ഇന്ത്യ ആറാം സ്ഥാനത്തായിരുന്നു. ഫ്രാന്‍സിനായിരുന്നു മുന്‍പ് ഏഴാം സ്ഥാനം. ലോക ബാങ്ക് പുറത്ത് വിട്ട കണക്കുകളാണ് ഇവ വ്യക്തമാക്കുന്നത്. ജിഡിപി റാങ്കിങ്ങില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 2018ലെ കണക്കുകള്‍ നോക്കിയാല്‍ 20.5 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണ് അമേരിക്കയുടെ ജിഡിപി.
ചൈനയ്ക്കാണ് രണ്ടാം സ്ഥാനം. 13.6 ട്രില്യണ്‍ യുഎസ് ഡോളറാണ് ചൈനയുടെ ജിഡിപി മൂല്യം. അഞ്ചു ട്രില്യണ്‍ യുഎസ് ഡോളറുമായി ജപ്പാന്‍ നാലാം സ്ഥാനത്തുണ്ട്. 2018ല്‍ ഇന്ത്യയുടെ ജിഡിപി എന്നത് 2.65 ട്രില്യണ്‍ യുഎസ് ഡോളറായിരുന്നു. ബ്രിട്ടണ് ഇത് 2.64 ട്രില്യണും ഫ്രാന്‍സിന് ഇത് 2.5 ട്രില്യണ്‍ ഡോളറുമാണ്. രൂപയുടെ വിനിമയത്തിലുണ്ടായ ചാഞ്ചാട്ടവും വളര്‍ച്ചാ നിരക്ക് കുറഞ്ഞതുമാണ് തിരിച്ചടിയായതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം ബ്രിട്ടനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 2025 ഓടെ ഈ കുതിപ്പില്‍ ഇന്ത്യ ജപ്പാനെയും പിന്തള്ളും. അതിന് ശേഷം അമേരിക്കയും ചൈനയും മാത്രമായിരിക്കും ഇന്ത്യക്ക് മുന്നിലുണ്ടാവുക. ഇന്‍ഫര്‍മേഷന്‍ ഹാന്റ്ലിംഗ് സര്‍വ്വീസസ് മാര്‍കിറ്റ് ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
തുടര്‍ച്ചയായി രണ്ടാംവട്ടം അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാര്‍ 2025 ല്‍ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ യുഎസ് ഡോളര്‍ വലിപ്പമുള്ള സാമ്പത്തിക ശക്തിയാക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം തന്നെ ഇന്ത്യ യുകെയെ മറികടക്കുമെന്നാണ് ഐഎച്ച്എസ് മാര്‍കിറ്റ് പറയുന്നത്.
ഇന്ത്യയുടെ ഉപഭോക്തൃ വിപണി 2025 ഓടെ 3.6 ട്രില്യണ്‍ കോടിയുടേതായി മാറുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇന്ത്യയിലെ ജനസംഖ്യ വര്‍ദ്ധനവ് സര്‍ക്കാരിന് മുന്നില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. 2019 മുതല്‍ 2023 വരെ ഇന്ത്യയുടെ സമ്പദ് വളര്‍ച്ച ശരാശരി ഏഴ് ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.