ഫ്രാന്‍സിനെയും ബ്രിട്ടനെയും പിന്തള്ളി ഇന്ത്യ ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും

December 27, 2021 |
|
News

                  ഫ്രാന്‍സിനെയും ബ്രിട്ടനെയും പിന്തള്ളി ഇന്ത്യ ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും

അടുത്ത വര്‍ഷത്തോടെ ലോക സമ്പദ്വ്യവസ്ഥ 100 ട്രില്യണ്‍ ഡോളര്‍ ശേഷി കൈവരിക്കുമെന്നു റിപ്പോര്‍ട്ട്. ഇതോടൊപ്പം ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും റിപ്പോര്‍ട്ട് അടിവരയിട്ടു സമര്‍ത്ഥിക്കുന്നുണ്ട്. ബ്രിട്ടീഷ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ സെബര്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2023 ഓടെ ഫ്രാന്‍സിനെയും 2023ല്‍ ബ്രിട്ടനെയും പിന്തള്ളിയാകും ഇന്ത്യ സാമ്പത്തിക രംഗത്ത് ആറാം സ്ഥാനം കൈവരിക്കുക.

റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന വിലയിരുത്തല്‍ ചൈനയുമായി ബന്ധപ്പെട്ടാണ്. ലോകത്തെ ഒന്നാം നമ്പര്‍ സമ്പദ്വ്യവസ്ഥയാകാന്‍ കച്ചകെട്ടിയിരിക്കുന്ന ചൈന യു.എസിനെ പിന്നിലാക്കണമെങ്കില്‍ കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം വേള്‍ഡ് ഇക്കണോമിക് ലീഗ് ടേബിള്‍ റിപ്പോര്‍ട്ട് പ്രവചിച്ചതിനേക്കാള്‍ രണ്ട് വര്‍ഷം കഴിഞ്ഞ്, അതായത് 2030-ല്‍ മാത്രമേ ചൈന ലോകത്തിലെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥയായി മാറുകയുള്ളുവെന്നാണ് സെബര്‍ വ്യക്തമാക്കുന്നത്. പണപ്പെരുപ്പം തന്നെയാകും വരും കാലങ്ങളില്‍ രാജ്യങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

ലോക സമ്പദ് വ്യവസ്ഥകള്‍ പണപ്പെരുപ്പത്തെ എങ്ങനെ നേരിടുന്നു എന്നതാണ് അറിയേണ്ടത്. യു.എസില്‍ പണപ്പെരുപ്പം ഇതോടകം 6.8 ശതമാനം വരെ എത്തിക്കഴിഞ്ഞെന്ന് സെബര്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ഡഗ്ലസ് മക്വില്യംസ് പറഞ്ഞു. പണപ്പെരുപ്പം പിടിച്ചു നിര്‍ത്താനുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അതിവേഗത്തില്‍ നടപ്പിലാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം 2023-ലോ 2024-ലോ ലോകം വീണ്ടുമൊരു മാന്ദ്യത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ 2033 ഓടെ ജര്‍മ്മനി ജപ്പാനെ പിന്തള്ളാനുള്ള പാതയിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2036-ഓടെ റഷ്യയ്ക്ക് മികച്ച 10 സമ്പദ് വ്യവസ്ഥകളിലൊനാകാന്‍ സാധിക്കും. 2034-ല്‍ ഇന്തോനേഷ്യ ഒമ്പതാം സ്ഥാനത്തെത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

അടുത്തിടെ പുറത്തുവന്ന പണപ്പെരുപ്പ റിപ്പോര്‍ട്ട് ഇന്ത്യന്‍ വിപണികള്‍ക്കും ആശങ്കയായി തുടരുകയാണ്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറില്‍ 4.91 ശതമാനമാണ്. ഒക്ടോബറില്‍ ഇത് 4.48 ശതമാനമായിരുന്നു. ഭക്ഷ്യ- ഇന്ധനവിലക്കയറ്റമാണ് തിരിച്ചടിക്കു കാരണം. അതേസമയം പണപ്പെരുപ്പം ആര്‍.ബി.ഐയുടെ പ്രഖ്യാപിത ലക്ഷ്യമായ 2- 6 ശതമാനത്തില്‍ താഴെ നിന്നുവെന്നതു മാത്രമാണ് ഏക ആശ്വാസം. രാജ്യത്ത് ഭക്ഷ്യ വസ്തുക്കള്‍ക്കു പുറമേ ഭക്ഷേത്യതര വസ്തുക്കളുടെ വിലയും ദിനംപ്രതി കുതിക്കുകയാണ്. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രാജ്യത്ത് അഞ്ചുമാസത്തെ ഉയരങ്ങളിലെത്തി നില്‍ക്കുന്നു. സെപ്റ്റംബറിലെ 10.66 ശതമാനത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ സൂചിക 12.54 ശതമാനം രേഖപ്പെടുത്തിയിരുന്നു.

ഇന്ധനവിലക്കയറ്റം തന്നെയാണ് സൂചികയെ പ്രതികൂലമായി ബാധിച്ചത്. തുടര്‍ച്ചയായി ഏഴാം മാസമാണ് സൂചിക രണ്ടക്കം കുറിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേസമയം മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 1.31 ശതമാനം മാത്രമായിരുന്നു. അതേസമയം കോവിഡിനു ശേഷമുള്ള വിപണികളുടെ അതിവേഗ തിരിച്ചുവരവ് ഇന്ത്യയുടെ കാര്യത്തില്‍ സെബറിന്റെ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നതാണ്. നടപ്പു സാമ്പത്തികവര്‍ഷം അവസാന പാദത്തില്‍ രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജി.ഡി.പി) ഉയര്‍ന്നിരുന്നു. ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ രാജ്യം 8.4 ശതമാനം വളര്‍ച്ച കൈവരിച്ചു. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 20.1 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നെങ്കിലും ഇത് ലോക്ക്ഡൗണുകളുടെ പ്രഭാവമായിരുന്നു. 2020- 21 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 32.97 ലക്ഷം കോടിയായിരുന്നു ജി.ഡി.പി. ഇക്കഴിഞ്ഞ പാദത്തില്‍ 35.73 കോടിയിലെത്തി.

Read more topics: # Indian economy,

Related Articles

© 2025 Financial Views. All Rights Reserved