10 വര്‍ഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബാങ്ക് ഓഫ് അമേരിക്ക

March 23, 2021 |
|
News

                  10 വര്‍ഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബാങ്ക് ഓഫ് അമേരിക്ക

മുംബൈ: പത്തു വര്‍ഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ട്. അതേസമയം, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയാല്‍ മുമ്പ് കണക്കാക്കിയിരുന്നതിനെക്കാള്‍ മൂന്നുവര്‍ഷത്തെ അധികസമയംകൂടി ഇതിനു വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2017-ല്‍ നടത്തിയ അനുമാനത്തില്‍ 2028-ല്‍ ഇന്ത്യ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ലോകത്തില്‍ മൂന്നാമതെത്തുമെന്നായിരുന്നു ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് പറഞ്ഞിരുന്നത്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ 2031-32 സാമ്പത്തിക വര്‍ഷം മാത്രമേ അതിനു സാധ്യതയുള്ളൂ. ശരാശരി ആറുശതമാനം വളര്‍ച്ചനിരക്ക്, അഞ്ചു ശതമാനം പണപ്പെരുപ്പം, രണ്ടു ശതമാനം മൂല്യശോഷണം എന്നിങ്ങനെയാണ് പുതിയ അനുമാനത്തിന് മാനദണ്ഡമായി കണക്കാക്കിയിരിക്കുന്നത്.

നിലവില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ലോകത്തില്‍ ആറാമതാണ് ഇന്ത്യ. 2017-ലെ റിപ്പോര്‍ട്ടില്‍ ഒമ്പതു ശതമാനം വളര്‍ച്ചയായിരുന്നു കണക്കാക്കിയിരുന്നത്. എന്നാല്‍, 2014 മുതല്‍ ഇതുവരെയുള്ള കണക്കനുസരിച്ച് ശരാശരി വളര്‍ച്ചനിരക്ക് 6.5 ശതമാനം മാത്രമാണ്. അതുകൊണ്ടാണ് ശരാശരി വളര്‍ച്ചനിരക്ക് ആറു ശതമാനമായി പുതിയ റിപ്പോര്‍ട്ടില്‍ നിശ്ചയിക്കാന്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നത് പണപ്പെരുപ്പ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ബാരലിന് നൂറു ഡോളറില്‍ കൂടുതല്‍ വന്നാല്‍ സ്ഥിതി വഷളാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved