ഹൈഡ്രോക്‌സിക്ലോറോക്വിന്നിന് പിന്നാലെ പാരസെറ്റമോളിനും ആവശ്യമുയരുന്നു; 28 രാജ്യങ്ങളിലേക്ക് മരുന്നുകൾ കയറ്റി അയക്കാൻ ഇന്ത്യ; ലോകം മരുന്നിന് വേണ്ടി ഇന്ത്യയ്ക്ക് മുന്നില്‍; ലോകത്തി​ന്റെ ഫാർമസിയായി വളർന്ന് ഇന്ത്യ

April 10, 2020 |
|
News

                  ഹൈഡ്രോക്‌സിക്ലോറോക്വിന്നിന് പിന്നാലെ പാരസെറ്റമോളിനും ആവശ്യമുയരുന്നു; 28 രാജ്യങ്ങളിലേക്ക് മരുന്നുകൾ കയറ്റി അയക്കാൻ ഇന്ത്യ; ലോകം മരുന്നിന് വേണ്ടി ഇന്ത്യയ്ക്ക് മുന്നില്‍; ലോകത്തി​ന്റെ ഫാർമസിയായി വളർന്ന് ഇന്ത്യ

ന്യൂഡല്‍ഹി:  കോവിഡ്-19 ചികിത്സയ്ക്ക് ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നിന് പുറമെ പനി നിയന്ത്രിക്കുന്നതിനുള്ള പാരസെറ്റമോളിനും വിവിധ രാജ്യങ്ങളില്‍നിന്നും ആവശ്യമുയരുന്നു. ലോകത്തിലേറ്റവും കൂടുതല്‍ പാരസെറ്റമോള്‍ ഗുളികകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്നു മതിയെന്ന നിഗമനത്തിൽ എത്തിയത് രാജ്യത്തിന് ഗുണകരമാകുന്നു. ഇന്ത്യൻ മരുന്നു വ്യവസായത്തിന് ലോകത്തിന് മുമ്പിൽ യശസ്സ് വർദ്ധിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് മരുന്നിന്റെ കയറ്റുമതി വർദ്ധിപ്പിക്കുന്നത്. ലോകത്തിന് മുന്നിൽ 'മൃതസഞ്ജീവനി'യായി ഹൈഡ്രോക്‌സിക്ലോറോക്വിൻ മാറിയതിന് പിന്നാലെ പനിമരുന്നായ പാരസെറ്റാമോളിന് വേണ്ടിയും ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് മുന്നിൽ എത്തിയിട്ടുണ്ട്.

പ്രതിമാസം 5,600 മെട്രിക് ടണ്‍ പാരസെറ്റമോള്‍ ഗുളികകളാണ് ഇന്ത്യ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയില്‍ മാസം 200 മെട്രിക് ടണ്‍ മാത്രമേ ആവശ്യമായി വരുന്നുള്ളു. ബാക്കിയുള്ളവയെല്ലാം ഇറ്റലി, ജര്‍മനി, യുകെ, അമേരിക്ക, സ്‌പെയിന്‍, കാനഡ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. പാരസെറ്റമോളിന്റെ കയറ്റുമതിയിലൂടെ ഇന്ത്യയ്ക്ക് 730 കോടി രൂപയാണ് പ്രതിവര്‍ഷം ലഭിക്കുന്നത്.

കോവിഡ് പകരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയ മരുന്നുകളിലൊന്നാണ് പാരസെറ്റമോള്‍. എന്നാല്‍ കോവിഡ് ബാധ ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നായ യു.കെയിലേക്ക് അവരുടെ ആവശ്യപ്രകാരം മരുന്നു കയറ്റുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇന്ത്യയുടെ തീരുമാനത്തിന് നന്ദി അറിയിച്ച് ഇന്ത്യയിലെ യു.കെ ആക്ടിങ് ഹൈക്കമ്മീഷണര്‍ ജാന്‍ തോംപ്‌സണ്‍ ട്വീറ്റ് ചെയ്തു. ആഗോള തലത്തിലുള്ള സഹകരണമാണ് കോവിഡിനെതിരായ പോരാട്ടത്തില്‍ പ്രധാനമെന്നും അദ്ദേഹം പറയുന്നു.

യു.കെയ്ക്കു പുറമെ മറ്റ് രാജ്യങ്ങളും പാരസെറ്റമോള്‍ ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളാണ് കയറ്റുമതി നിരോധനത്തില്‍ ഇന്ത്യയോട് ഇളവ് ആവശ്യപ്പെട്ടിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അയല്‍ രാജ്യമായ ശ്രീലങ്കയില്‍ നിന്നും പുതിയ ഓര്‍ഡറുകള്‍ വന്നിട്ടുണ്ട്.എന്നാല്‍ കയറ്റുമതി നിയന്ത്രണമുള്ളതിനാല്‍ അനുമതി ഇല്ലാതെ കയറ്റി അയയ്ക്കാന്‍ സാധിക്കില്ല. നേരത്തെ മലേറിയ പ്രതിരോധത്തിനുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകള്‍ക്കുള്ള കയറ്റുമതി നിരോധനത്തില്‍ കേന്ദ്രം ഇളവ് നല്‍കിയിരുന്നു.

28 രാജ്യങ്ങളിലേക്ക് മരുന്നുകൾ കയറ്റി അയക്കാൻ ഇന്ത്യ

അയൽരാജ്യങ്ങൾക്ക് സൗജന്യമായും അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് പണം വാങ്ങിയും ഇന്ത്യ മരുന്നുകൾ കയറ്റിയയച്ച് തുടങ്ങി. ഭൂട്ടാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മ്യാൻമർ, സീഷെൽസ്, മൗറീഷ്യസ്, ശ്രീലങ്ക, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് 'സമ്മാന'മെന്ന രീതിയിൽ ഇന്ത്യ മലേറിയ പ്രതിരോധമരുന്നായ ഹൈഡ്രോക്സിക്ലോറോക്വിനും മറ്റ് മരുന്നുകളും കയറ്റിയയക്കുന്നത്. ആകെ 28 രാജ്യങ്ങൾക്കാണ് ഇന്ത്യ നിലവിൽ മരുന്നുകൾ അയക്കുന്നതെന്നും പത്ത് രാജ്യങ്ങൾ കൂടി മരുന്നിന് ഇന്ത്യയെ സമീപിച്ചെന്നുമാണ് റിപ്പോ‍ർട്ടുകൾ. ഏറ്റവുമാദ്യം മരുന്ന് കയറ്റി അയച്ചത് ശ്രീലങ്കയിലേക്കാണ്. അവിടേക്ക് പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ 10 ടൺ മരുന്നുകളാണ് കയറ്റി അയച്ചത്. പ്രധാനമായും പാരസെറ്റമോളും ഹൈഡ്രോക്സിക്ലോറോക്വിനും തന്നെയാണ് ഇവിടേക്ക് എത്തിച്ചിരിക്കുന്നത്.

ഇതോടൊപ്പം, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി കരാർ ഒപ്പുവച്ച എല്ലാ യൂറോപ്യൻ, മിഡിൽ- ഈസ്റ്റ് രാജ്യങ്ങൾക്കും മരുന്ന് കയറ്റുമതി നടത്താൻ വാണിജ്യമന്ത്രാലയം അനുമതിയും നൽകി. ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച രാജ്യങ്ങളായ അമേരിക്കയും സ്പെയിനുമാണ് ഇതിൽ ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നിൽ ബ്രസീൽ, ബഹ്റൈൻ, ജർമനി, യുകെ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഉത്പാദിപ്പിക്കുന്ന മരുന്നുകളെത്തും. ഇതോടൊപ്പം ഗൾഫ് രാജ്യങ്ങളിലേക്കും മരുന്നുകളുടെ ലഭ്യത ആവശ്യമെങ്കിൽ ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി.

ഇതോടൊപ്പം ഇന്ത്യയിൽത്തന്നെ ഈ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കാനും കമ്പനികൾക്ക് സർക്കാർ ക‌ർശന നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി സ്പെഷ്യൽ ഇക്കണോമിക് സോണുകളിൽ നിന്നുള്ള കയറ്റുമതി കൂടി അനുവദിക്കും. ഒരു കണ്ടീഷൻ മാത്രം, ഇന്ത്യയിൽ സ്ഥിതി ഗുരുതരമായാൽ വിതരണം ചെയ്യേണ്ട മരുന്നുകളുണ്ടാകണം.

മലേറിയ പ്രതിരോധമരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ അയച്ച് തന്നതിന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി സന്ദേശമയച്ചിരുന്നു. പ്രതിസന്ധിഘട്ടങ്ങൾ സുഹൃത്തുക്കളെ ഒരുമിപ്പിക്കും എന്നായിരുന്നു മോദിയുടെ മറുപടി.  ട്രംപിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നന്ദി അറിയിച്ച് രം​ഗത്ത് എത്തിയിരുന്നു.

ഇസ്രയേലിന് ക്ലോറോക്യുൻ മരുന്ന് അയച്ചുതന്നതിന് പ്രിയ സുഹൃത്തും ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്ക് നന്ദി, ഇസ്രയേലിലെ എല്ലാ പൗരന്മാരും അങ്ങേക്ക് നന്ദി പറയുകയാണ് എന്നായിരുന്നു നെതന്യാഹു അറിയിച്ചത്. ഇസ്രയേലിലേക്ക് ഇന്ത്യ മരുന്നുകൾ അയച്ച് രണ്ട് ദിവസം കഴിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബെഞ്ചമിൻ നെതന്യാഹു ട്വിറ്ററിലൂടെ നന്ദി പറഞ്ഞത്. ചൊവ്വാഴ്ചയാണ് ഹൈഡ്രോക്സിക്ലോറോക്വിൻ അടക്കം അഞ്ച് ടൺ മരുന്നുകൾ ഇന്ത്യ ഇസ്രയേലിലേക്കുള്ള മരുന്ന് അയച്ചത്.

കോവിഡ് ചികിത്സക്കായി മരുന്ന് ആവശ്യപ്പെട്ട് ഏപ്രിൽ മൂന്നാം തിയതി നെതന്യാഹു നരേന്ദ്ര മോദിയെ വിളിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യ മരുന്ന് എത്തിക്കുകയും ചെയ്തു. കോവിഡ് ബാധ ആരംഭിച്ചതുമുതൽ നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. കൂടാതെ മാസ്‌കുകളും മരുന്നുകളും അനുവദിക്കണമെന്ന് മാർച്ച 13ന് തന്നെ നെതന്യാഹു നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചിരുന്നു. ഇസ്രയേലിൽ ഇതുവരെ പതിനായിരത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പേർക്കാണ് ജീവൻ നഷ്ടമായത്. 121 പേർ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്.

കൊറോണ രോഗലക്ഷണങ്ങൾ ചികിത്സിക്കുന്നതിന് നിരവധി രാജ്യങ്ങളാണ് ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്ന് പരീക്ഷിക്കുന്നത്. തുടർന്ന് ഇന്ത്യൻ വിപണിയിൽ മരുന്നിന്റെ ലഭ്യതക്കുറവ് ഉണ്ടാകാതിരിക്കുന്നതിനും, അമിത വില ഇടാക്കുന്നതിന് തടയുന്നതിനുമാണ് കേന്ദ്ര സർക്കാർ മരുന്ന് കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം കൊണ്ടുവന്നത്. എന്നാൽ രോഗം കൂടുതലായി ബാധിച്ചിട്ടുള്ള രാജ്യത്ത് ആവശ്യാനുസരണം വിതരണം ചെയ്യാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.

കോവിഡ് മഹാമാരി വ്യാപകമാകാൻ തുടങ്ങിയതോടെ മരുന്ന് കയറ്റുമതി ചെയ്യണമെന്ന് ട്രംപും അഭ്യർത്ഥിച്ചിരുന്നു. ഉടൻ തന്നെ ഇന്ത്യ ആവശ്യത്തിവ് അനുസരിച്ച് കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. അതിനിടെ ഹൈഡ്രോക്സിക്ലോറോക്വിൻ അയച്ചതിന് നന്ദി അറിയിച്ചുകൊണ്ട് ശ്രീലങ്കൻ പ്രസിഡന്റ് ഗൊതബായ രാജപക്സെയും ട്വീറ്റ് ചെയ്തു. ഈ പ്രതികൂല സാഹചര്യത്തിൽ മരുന്ന് അയച്ചു തന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായാണ് ഗൊതബായ ട്വീറ്റ് ചെയ്തത്. കൂടാതെ ഹനുമാൻ സഞ്ജീവനി ഔഷധം എത്തിച്ചതുപോലെ ബ്രസീലിനാവശ്യമായ മരുന്ന് എത്തിക്കണമെന്ന് അഭ്യർത്ഥിച്ച് ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബൊൽസൊനാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.

ഹൈഡ്രോക്‌സിക്ലോറോക്വിൻ 'മൃതസഞ്ജീവനി' ആകുമ്പോൾ ഇന്ത്യ തന്നെ രാജാവ്

കോവിഡിനെ പ്രതിരോധിക്കാൻ ഫലപ്രദമെന്ന് ലോകം വിലയിരുത്തുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിൻ മരുന്ന് സംഭരണത്തിൽ ഇന്ത്യ തന്നെ രാജാവ്. മരുന്നിന്റെ ശേഖരത്തിൽ ഏറ്റവും സുരക്ഷിതമായ നിലയിലാണ് ഇന്ത്യ. ലോകവിപണിയിലെ 70 ശതമാനവും ഉൽപാദിപ്പിക്കുന്നത് ഇന്ത്യയിലെ മൂന്ന് മുൻനിര കമ്പനികൾ. 30 ദിവസത്തിനുള്ളിൽ 40 ടൺ മരുന്ന് (200 മില്ലിഗ്രാമിന്റെ 20 കോടി ഗുളികകൾ) ഉൽപാദിപ്പിക്കാനുള്ള ശേഷിയും ഇന്ത്യയ്ക്കു സ്വന്തം. കേരളവും മരുന്ന് സ്റ്റോക്കിന്റെ കാര്യത്തിൽ സുരക്ഷിതമാണ്. കേരളത്തിന് കേന്ദ്രം അനുവദിച്ച 11.5 ലക്ഷം ഗുളികകൾ കൂടിയായതോടെ മൊത്തം 14 ലക്ഷം ഗുളികകളുടെ ശേഖരം സംസ്ഥാനത്തുണ്ട്. ഒരു ലക്ഷം രോഗികൾക്ക് ഉപയോഗിക്കാം. ഇതിനു പുറമേ, കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് മരുന്ന് നിർമ്മാണത്തിനു വേണ്ട ലൈസൻസ് നൽകുന്ന കാര്യവും സർക്കാർ പരിഗണിച്ചിരുന്നു. ആവശ്യത്തിന് സ്റ്റോക്ക് ഉള്ളതിനാൽ, അനാവശ്യമായി അസംസ്‌കൃത വസ്തുക്കൾ സംഭരിക്കുന്നത് പാഴാകുമെന്ന നിർദ്ദേശത്തെ തുടർന്ന് വേണ്ടെന്നു വച്ചു.

ഒരു കോവിഡ് രോഗി ഒരു കോഴ്‌സിൽ 200 മില്ലിഗ്രാമിന്റെ 14 ഗുളികകളാണ് കഴിക്കേണ്ടി വരിക. അതായത് ഇന്ത്യയുടെ ഒരു മാസത്തെ ഉൽപാദനം കൊണ്ട് 1.42 കോടി രോഗികളെ ഭേദപ്പെടുത്താൻ സാധിക്കും. ഇപ്ക ലബോറട്ടറീസ് (മുംബൈ), സൈഡസ് കാഡില (അഹമ്മദാബാദ്), വാല്ലസ് ഫാർമസ്യൂട്ടിക്കൽസ് (ഗോവ) എന്നീ കമ്പനികളാണ് പ്രധാനമായും ഹൈഡ്രോക്‌സിക്ലോറോക്വിൻ ഉൽപാദിപ്പിക്കുന്നത്. അപൂർവമായി മാത്രം ഉപയോഗിക്കാറുള്ള ഈ മരുന്നിന് കോവിഡ്19 പൊട്ടിപ്പുറപ്പെട്ടതോടെയാണ് കൂടുതൽ ആവശ്യക്കാരെത്തിയത്. ഉത്തരേന്ത്യയിലെ ചില ഡോക്ടർമാരുടെ വാട്‌സാപ് സന്ദേശങ്ങൾ കൂടി വന്നതോടെ പണക്കാർ വ്യാപകമായി മരുന്ന് വാങ്ങിക്കൂട്ടാൻ തുടങ്ങി. മൂന്നു മാസം കൊണ്ട് വിറ്റഴിഞ്ഞിരുന്നത്രയും മരുന്ന് ഒരു ദിവസം കൊണ്ട് ചെലവാകുന്ന സ്ഥിതിയിലെത്തി. ഇതോടെയാണ് മാർച്ച് അവസാനത്തോടെ ഹൈഡ്രോക്‌സിക്ലോറോക്വിൻ ഷെഡ്യൂൾ എച്ച്1 വിഭാഗത്തിൽ പെടുത്തിയത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിൽക്കാൻ സാധിക്കാതായി.

Related Articles

© 2025 Financial Views. All Rights Reserved